മഞ്ഞിന്റെ തണുപ്പറിഞ്ഞ് ഒരു ചൂടു ചായ കുടിച്ചാലോ? ഇതാണ് ‘ഇഗ്ലൂ കഫേ’

January 29, 2021
Igloo cafe in Gulmarg

മഞ്ഞിന്റെ തണുപ്പില്‍ ഒരു ചൂട് ചായ കുടിച്ചാല്‍ എങ്ങനെയുണ്ടാകും… ഒരു പക്ഷെ വര്‍ണനകള്‍ക്ക് അതീതമായ അനുഭവമായിരിയ്ക്കും അത്. ഇത്തരത്തിലുള്ള അനുഭവം സമ്മാനിയ്ക്കുന്ന ഒരിടമാണ് ഇഗ്ലൂ കഫേ. മഞ്ഞു വീടുകളാണ് ഇഗ്ലൂ എന്നറിയപ്പെടുന്നത്. മഞ്ഞുകട്ടകള്‍ ഉപയോഗിച്ച് ഇന്യൂയിറ്റ് വര്‍ഗക്കാരാണ് സാധാരണ ഇഗ്ലൂ എന്ന വീടുണ്ടാക്കുന്നത്. ഇഗ്ലൂ വീടിനോട് സമാനമായ ഒരു കഫേയാണ് ഇഗ്ലൂ കഫേ.

കാശ്മീരിലെ ഗുല്‍മാര്‍ഗിലാണ് ഈ ഇഗ്ലൂ കഫേ. ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് ഒരു ഇഗ്ലൂ കഫേ ആരംഭിച്ചിരിയ്ക്കുന്നതും. മഞ്ഞു കട്ടകള്‍ കൊണ്ടാണ് കഫേ നിര്‍മിച്ചിരിയ്ക്കുന്നത്. എന്തിനേറെ പറയുന്ന കഫേയ്ക്കുള്ളിലെ കസേരകളും മേശകളും അലങ്കാരങ്ങളും വരെ മഞ്ഞാല്‍ നിറഞ്ഞു നില്‍ക്കുന്നു.

പതിമൂന്ന് അടി നീളവും ഇരുപത്തിരണ്ട് അടി വീതിയുമുണ്ട് ഇഗ്ലൂ കഫേയ്ക്ക്. നിലവില്‍ നാല് മേശകളാണ് കഫേയിലുള്ളത്. ഏകദേശം പതിനാറോളം പേര്‍ക്ക് ഒരേസമയത്ത് കഫേയിലിരുന്ന് ചൂടു ചായും കോഫിയും ഒക്കെ ആസ്വദിയ്ക്കാം.

കോല്‍ഹായ് റിസോര്‍ട്ട് ഉടമയായ വസീം ഷായുടെ ഉടമസ്ഥതയിലാണ് ഇഗ്ലൂ കഫേ. സഞ്ചാരത്തെ പ്രണയിക്കുന്ന അദ്ദേഹം സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇത്തരത്തിലൊരു ഇഗ്ലൂ കഫേ കണ്ടിരുന്നു. അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്ത്യയില്‍ ഇഗ്ലൂ കഫേ നിര്‍മിച്ചിരിയ്ക്കുന്നത്. എന്തായാലും സൈബര്‍ ഇടങ്ങളിലും ശ്രദ്ധ നേടിയിരിയ്ക്കുകയാണ് മഞ്ഞിന്റെ പുത്തപ്പണിഞ്ഞ ഈ ഇഗ്ലൂ കഫേ.

Story highlights: Igloo cafe in Gulmarg