സിഡ്‌നിയിൽ ദേശീയഗാനത്തിനിടെ വിതുമ്പി മുഹമ്മദ് സിറാജ്; കായികലോകത്തിന്റെ ഹൃദയം കവർന്ന വീഡിയോ

January 7, 2021

ഹൈദരാബാദിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനായി ജനിച്ച്, പരിമിതമായ സാഹചര്യങ്ങളിലൂടെ വളർന്ന് ഇന്ത്യൻ ക്രിക്കറ്റ് ജേഴ്‌സി അണിഞ്ഞ താരമാണ് മുഹമ്മദ് സിറാജ്. കഷ്ടപാടുകളിലൂടെ ഉയരങ്ങൾ കീഴടക്കിയ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ഇന്ത്യൻ ജനതയുടെ മുഴുവൻ ഹൃദയം കീഴടക്കുന്നത്. ഇന്ത്യൻ ദേശീയഗാനത്തിനിടെ വിതുമ്പുന്ന സിറാജിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റിന് മുൻപുള്ള ദേശീയഗാനത്തിനിടെയാണ് സിറാജ് കണ്ണീർ തുടയ്ക്കുന്നത്. ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ മറ്റൊരു മുഹൂർത്തത്തിലും സിറാജിന്റെ കണ്ണുകൾ നിറഞ്ഞത് ക്യാമറക്കണ്ണുകൾ പകർത്തിയിരുന്നു. ന്യൂസിലൻഡിനെതിരെ 2017- ൽ രാജ്കോട്ടിൽവെച്ച് ഇന്ത്യക്കായി ടി -20 അരങ്ങേറ്റം കുറിച്ചപ്പോഴും സിറാജിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

കഴിഞ്ഞ നവംബറിലാണ് സിറാജിന്റെ പിതാവ് മരണപ്പെട്ടത്. ഇന്ത്യൻ ടീമിനൊപ്പം സിറാജ് ഓസ്‌ട്രേലിയയിൽ എത്തിയപ്പോഴായിരുന്നു പിതാവിന്റെ അപ്രതീക്ഷിത മരണം. അന്ന് നാട്ടിലേക്ക് മടങ്ങാതെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം തുടർന്ന താരത്തിന്റെ ചിത്രങ്ങളും കായിക പ്രേമികളുടെ ഹൃദയം കീഴടക്കിയിരുന്നു.

അതേസമയം സിഡ്‌നിയിൽ ടീമിനായി മികച്ച തുടക്കം നൽകാൻ മുഹമ്മദ് സിറാജിന് കഴിഞ്ഞിരുന്നു. ഓപ്പണർ ഡേവിഡ് വാർണറെ തിരികെ അയയ്ക്കുന്നതിൽ സിറാജ് മുഖ്യപങ്ക് വഹിച്ചു. ഇതോടെ ടെസ്റ്റ് കരിയറിലെ ആറാം വിക്കറ്റും സിറാജ് സ്വന്തമാക്കി.

Story Highlights:Mohammed Siraj breaks down in tears during natioanal anthem