‘എന്റെ പ്രിയപ്പെട്ട തല്ലുകൊള്ളി’- നിമിഷയ്ക്ക് പിറന്നാൾ ആശംസയുമായി അനുസിത്താര

January 4, 2021

സിനിമാലോകത്തെ പ്രസിദ്ധമായ കൂട്ടുകെട്ടിലൊന്നാണ് അനുസിത്താരയും നിമിഷ സജയനും തമ്മിലുള്ളത്. ഇരുവരും ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിൽ മാത്രമാണ് ഒന്നിച്ച് അഭിനയിച്ചത്. വളരെയധികം ആത്മബന്ധം പുലർത്തുന്ന അനുസിത്താരയും നിമിഷയും ഒരുമിച്ച് ഒട്ടേറെ യാത്രകളും നടത്താറുണ്ട്. ഇപ്പോളിതാ, പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസിക്കുകയാണ് അനുസിത്താര.

‘എന്റെ പ്രിയപ്പെട്ട തല്ലുകൊള്ളിക്ക് പിറന്നാൾ ആശംസകൾ’ എന്നാണ് അനുസിത്താര കുറിക്കുന്നത്. രസകരവും സ്നേഹം തുളുമ്പുന്നതുമായ നിരവധി ചിത്രങ്ങൾ അനുസിത്താര പങ്കുവയ്ക്കുന്നു. അനുസിത്താര എപ്പോഴും ഒരു ചേച്ചിയെ പോലെയാണ് എന്നാണ് നിമിഷ അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. പൊതുവെ ആളുകളോട് അങ്ങോട്ട് പോയി മിണ്ടാൻ മടിയുള്ള അനുസിത്താര ആദ്യമായി അങ്ങനെ സംസാരിച്ചത് നിമിഷയോടാണെന്നും പറയുന്നു.

അതേസമയം, ലണ്ടനിൽ നടക്കുന്ന ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നിമിഷ സജയൻ. നിമിഷ, ആദിൽ ഹുസൈൻ എന്നിവരെ കൂടാതെ നടി ലെനയും ചിത്രത്തിലുണ്ട്. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ബ്രിട്ടീഷ്-ഇന്ത്യൻ ചിത്രമാണ് ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’. ലണ്ടനിലെ അനധികൃത കുടിയേറ്റ കുടുംബത്തിന്റെ കഥ പങ്കുവയ്ക്കുന്ന ചിത്രത്തിന് നീത ശ്യാമാണ് തിരക്കഥ ഒരുക്കിയത്. മകളെ കാണാതാകുമ്പോൾ ഒരു കുടുംബം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൂടെയും അവരുടെ ജീവിതത്തിലൂടെയുമാണ് കഥ സഞ്ചരിക്കുന്നത്. ദി പ്രൊഡക്ഷൻ ഹെഡ്ക്വാർട്ടേഴ്സിന്റെ ബാനറിൽ മോഹൻ നാടാർ ആണ് ചിത്രം നിർമ്മിക്കുന്നത്.

Read More: സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ നിവിൻ പോളിക്ക് വേണ്ടി മലയാളത്തിലേക്ക്

 ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന ചിത്രത്തിൽ അമ്മയും മകളുമായാണ് ലെനയും നിമിഷയും വേഷമിടുന്നത്. ഇംഗ്ലീഷ് നടൻ അന്റോണിയോയാണ് നിമിഷയുടെ നായകൻ. ഛായാഗ്രഹണം അഴകപ്പൻ. ചിത്രം 2021 ൽ റിലീസ് ചെയ്യും.

Story highlights- nimisha sajayan and anusithara