മുരളി ഗോപിയുടെ തിരക്കഥയിൽ ‘തീർപ്പി’നായി കൈകോർത്ത് പൃഥ്വിരാജും ഇന്ദ്രജിത്തും

January 3, 2021

കമ്മാര സംഭവത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘തീർപ്പ്’ ഒരുങ്ങുന്നു. ചിത്രത്തിൽ പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് താരങ്ങൾ. വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് നിർമാണം. ഫെബ്രുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.

‘വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്!’ എന്ന ക്യാപ്ഷനൊപ്പമാണ് ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഇഷ തൽവാർ, ഹന്ന റെജി കോശി, വിജയ് ബാബു, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

Read More: മെയ് പതിമൂന്നിന് തിയേറ്റർ റിലീസിന് ഒരുങ്ങി നിവിൻ പോളി നായകനായ ‘തുറമുഖം’

മുൻപ്, മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ചത് ടിയാൻ എന്ന ചിത്രത്തിലായിരുന്നു. സഹോദരങ്ങൾ വീണ്ടും ഒന്നിച്ചെത്തുമ്പോൾ പ്രതീക്ഷയിലാണ് പ്രേക്ഷകർ. അതേസമയം, പൃഥ്വിരാജും മുരളി ഗോപിയുടെ ലൂസിഫറിന് ശേഷം ഒന്നിക്കുകയാണ്. ലൂസിഫറിന്റെ തിരക്കഥ മുരളി ഗോപി ആയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പണിപ്പുരയിലാണ് പൃഥ്വിരാജും മുരളി ഗോപിയും.

Story highlights- prithviraj and indrajith joins for theerppu