‘പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന എന്റെ വളർത്തു പുത്രന് ഒരായിരം പിറന്നാൾ ഉമ്മകൾ’- കണ്ണന് പിറന്നാൾ ആശംസിച്ച് പൈങ്കിളി

January 23, 2021

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരിപാടിയായി മുന്നേറുകയാണ് ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം. മധുരമുള്ള ഒട്ടേറെ നിമിഷങ്ങൾ സമ്മാനിച്ച് ചുരുങ്ങിയ സമയം കൊണ്ടാണ് ചക്കപ്പഴം മലയാളികളുടെ സ്വീകരണമുറികളുടെ ഇഷ്ടം നേടിയത്. ടെലിവിഷന് പുറമെ യൂട്യൂബിലും ചക്കപ്പഴത്തിന് ആരാധകർ ഏറെയാണ്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ നെഞ്ചേറ്റിക്കഴിഞ്ഞു. ഉത്തമനും, ആശയും, പൈങ്കിളിയും, സുമേഷുമെല്ലാം ജനപ്രിയ കഥാപാത്രങ്ങളാണ്. മുതിർന്ന താരങ്ങൾക്കൊപ്പം കൊച്ചുതാരങ്ങളും ഒന്നിനൊന്നു മികച്ചു നിൽക്കുന്ന ജനപ്രിയ സിറ്റ്കോമായ ചക്കപ്പഴത്തിൽ ഏറെ ആരാധകരുള്ള കുറുമ്പനാണ് കണ്ണനായി എത്തുന്ന മുഹമ്മദ് റയ്ഹാന്‍.

റെയ്‌ഹു എന്ന് വിളിപ്പേരുള്ള ചക്കപ്പഴത്തിലെ കണ്ണന്റെ മൂന്നാം പിറന്നാളായിരുന്നു കഴിഞ്ഞദിവസം. കുഞ്ഞു താരത്തിന്റെ പിറന്നാൾ ചക്കപ്പഴം ലൊക്കേഷനിൽ ആഘോഷമാക്കിയിരുന്നു. മാത്രമല്ല, കണ്ണന്റെ പിറന്നാൾ വിശേഷങ്ങളുമായി ആശയായി എത്തുന്ന അശ്വതി ശ്രീകാന്ത് ലൈവിൽ എത്തിയിരുന്നു. മൂന്നു വയസുകാരനായ ഈ കുറുമ്പൻ പ്രേക്ഷക ശ്രദ്ധ നേടുന്നത് അഭിനയ വൈഭവം കൊണ്ടാണ്. വളരെ വ്യക്തമായി തന്നെ ഒട്ടും കൃതൃമത്വമില്ലാതെ ഡയലോഗുകൾ അവതരിപ്പിക്കുന്ന മുഹമ്മദ് റയ്ഹാന്റെ ഓരോ എപ്പിസോഡുകളും വൈറലായി മാറാറുണ്ട്. ചക്കപ്പഴത്തിൽ ശ്രുതി രജനികാന്ത് അവതരിപ്പിക്കുന്ന പൈങ്കിളിയുടെ മകനായാണ് മുഹമ്മദ് റയ്ഹാന്‍ വേഷമിടുന്നത്. ഓൺസ്‌ക്രീനിലെ മകന് പിറന്നാൾ ആശംസിച്ച് പൈങ്കിളി രംഗത്തെത്തിയിരിക്കുകയാണ്.

Read More: ദേ, ഈ കുട്ടിയാണ് ആ കുട്ടി; കണ്ണന്റെ അഭിനയം പ്രേക്ഷകര്‍ കാണാനിരിയ്ക്കുന്നതേയുള്ളൂ….

മുഹമ്മദ് റയ്ഹാനൊപ്പമുള്ള മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോയിലൂടെയാണ് ശ്രുതി പിറന്നാൾ ആശംസിക്കുന്നത്. ‘പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന എന്റെ വളർത്തു പുത്രന് അമ്മേടെ സ്വർണ ഉണ്ടക്ക് ഒരായിരം പിറന്നാൾ ഉമ്മകൾ’- ശ്രുതി രജനികാന്ത് കുറിക്കുന്നു. സെറ്റിൽ നിന്നും റയ്ഹാനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ ശ്രുതി പങ്കുവയ്ക്കാറുണ്ട്. ഷമീറാണ് മുഹമ്മദ് റയ്ഹാന്റെ പിതാവ്. മാതാവ് ഷഹാന. തിരുവനന്തപുരം സ്വദേശിയാണ് കണ്ണനായി മനം കവരുന്ന കുട്ടിക്കുറുമ്പൻ.

Story highlights- shruthi rajanikanth about onscreen son