വിജയ് സേതുപതിക്കൊപ്പം അഭിനയത്തിലേക്ക് ചുവടുവെച്ച് മകൾ; വെബ് ഫിലിം ‘മുഗിഴ്’ ട്രെയ്‌ലർ

January 2, 2021

തെന്നിന്ത്യൻ താരം വിജയ് സേതുപതിയുടെ മകൾ അഭിനയ രംഗത്തേക്ക്. വെബ് ഫിലിമായ ‘മുഗിഴി’ലൂടെയാണ് ഷ്രീജ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധനേടുകയാണ്. വിജയ് സേതുപതിയുടെ മകളുടെ വേഷത്തിൽ തന്നെയാണ് ഷ്രീജ എത്തുന്നത്. നടി റജീന കസാൻഡ്രയാണ് നായിക.

വിജയ് സേതുപതിയുടെ ഹോം ബാനറായ വിഎസ്പി പ്രൊഡക്ഷൻസാണ് വെബ് ഫിലിമായ മുഗിഴ് ഒരുക്കിയിരിക്കുന്നത്. കാർത്തിക് സംവിധാനം ചെയ്യുന്ന ‘മുഗിഴി’ന് രേവ സംഗീതം നൽകും. ചിത്രത്തിന്റെ ട്രെയിലർ ജനുവരി ഒന്നിനാണ് പുറത്തുവിട്ടത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള വെബ് ഫിലിമാണ് മുഗിഴ്.

വിജയ് സേതുപതിയുടെ മകൻ സൂര്യ 2015 ൽ ‘നാനൂം റൗഡി താൻ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയിരുന്നു. അതിൽ വിജയ് സേതുപതിയുടെ ചെറുപ്പകാലമാണ് സൂര്യ അവതരിപ്പിച്ചത്. അതേസമയം, വിജയ് സേതുപതി വേഷമിട്ട നിരവധി ചിത്രങ്ങൾ റിലീസിന് തയ്യാറെടുക്കുകയാണ്.

വിജയ സേതുപതിയുടെ അടുത്ത തിയേറ്റർ റിലീസ് മാസ്റ്റർ ആണ്. ദളപതി വിജയ് നായകനായി എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി പ്രതിനായകനാണ്. ജനുവരി 13 ന് ചിത്രം പ്രദർശനത്തിനെത്തും. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റർ’ എക്സ്ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോ നിർമ്മിച്ച ആക്ഷൻ എന്റർടെയ്‌നറാണ്.

Read More:രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യം- പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

വിജയ് സേതുപതിയുടെ മാമാനിതനും റിലീസ് തയ്യാറെടുപ്പിലാണ്. സീനു രാമസാമി സംവിധാനം ചെയ്ത ചിത്രമാണിത്. എസ്പി ജനനാഥൻ സംവിധാനം ചെയ്ത മറ്റൊരു വിജയ് സേതുപതിചിത്രമാണ് ലാഭം. 2020 ൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതുവരെ സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ഈ ചിത്രത്തിൽ ശ്രുതി ഹാസനാണ് നായിക.

Story highlights- Vijay Sethupathi shares trailer of daughter Sreeja’s debut in ‘Mugizh’