‘എന്റെ ചെക്കൻ എന്നെ തനിച്ചാക്കി പോയിട്ട് നാലുവർഷം’- മകന്റെ ഓർമ്മകളിൽ ‘ചക്കപ്പഴ’ത്തിലെ സബീറ്റ ജോർജ്

February 24, 2021

കുറഞ്ഞ കാലയളവിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരിപാടിയായി മാറിയിരിക്കുകയാണ് ചക്കപ്പഴം. രസകരമായ കുടുംബ നിമിഷങ്ങൾ സമ്മാനിച്ച് ഓരോ താരങ്ങളും പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളായും മാറി. അശ്വതി ശ്രീകാന്ത്, ശ്രീകുമാർ തുടങ്ങി പ്രേക്ഷകർക്ക് പരിചിതരായ താരങ്ങളെ പോലെതന്നെ കുഞ്ഞുണ്ണി, ലളിതാമ്മ, പൈങ്കിളി, കണ്ണൻ, സുമേഷ് എന്നീ കഥാപാത്രങ്ങളും ഇഷ്ടം നേടിക്കഴിഞ്ഞു. ലളിതാമ്മ എന്ന അമ്മ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സബീറ്റ ജോർജ് ആണ്.

രസകരമായ കൗണ്ടറുകളും അമ്മയിയമ്മയുടെ കുഞ്ഞു കുശുമ്പുകളുമൊക്കെയായി മനസ് കീഴടക്കുന്ന സബീറ്റ ജോർജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പും ചിത്രവും എല്ലാവരിലും നൊമ്പരം നിറയ്ക്കുകയാണ്. മകനെക്കുറിച്ചുള്ള ഓർമ്മകളാണ് സബീറ്റ ജോർജ് പങ്കുവയ്ക്കുന്നത്.

‘എന്റെ ചെക്കന്‍ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് 4 വര്‍ഷം, അമ്മയുടെ കണ്ണീര് തോര്‍ന്നിട്ടും. 4 വര്‍ഷം മുന്‍പ് ഏതാണ്ട് ഈ സമയത്താണ് നീ എന്നെ വിട്ടുപോയത് മാക്‌സ് ബോയ്. അതിന് ശേഷം ഒരിക്കലും അമ്മയുടെ ഹൃദയം പഴയത് പോലെയായിട്ടില്ല. നീയുമായി ഒത്തുചേരാന്‍ സര്‍വ്വേശ്വരന്‍ ഒരവസരം തന്നാല്‍ ഒരുനിമിഷം പോലും ഞാന്‍ മടിച്ചുനില്‍ക്കില്ല, കാരണം നീ എന്റെ ജീവിതത്തിലെ നികത്താനാവാത്തൊരു നഷ്ടമാണ്. കണ്ണീര്‍ മൂടി കാഴ്ച മങ്ങിയതിനാല്‍ മമ്മിക്ക് കൂടുതലൊന്നും എഴുതാനാവുന്നില്ല’- സബീറ്റയുടെ വാക്കുകൾ.

Read More: വീണ്ടും തമിഴിൽ തിളങ്ങാൻ അപർണ, ഒപ്പം ലിജോമോളും; ‘തീതും നണ്ട്രും’ ട്രെയ്‌ലർ

കോട്ടയം സ്വദേശിനിയാണ് സബീറ്റ ജോർജ്. വിവാഹശേഷം ഇരുപതുവർഷമായി അമേരിക്കയിലാണ്. രണ്ടു മക്കളായിരുന്നു സബീറ്റയ്ക്ക്. എന്നാൽ ജനന സമയത്ത് തലയ്ക്ക് സംഭവിച്ച പരിക്ക് മൂലം ഭിന്നശേഷിക്കാരനായി മകൻ മാറി. പന്ത്രണ്ടാം വയസിലാണ് മകൻ മരിച്ചത്. ഒരു മകളും കൂടിയുണ്ട് സബീറ്റയ്ക്ക്.

Story highlights- sabitta george about son