മണിക്കൂറുകള്‍ക്കുള്ളില്‍ പത്ത് ലക്ഷത്തിലധികം കാഴ്ചക്കാര്‍; ‘ശരിക്കും ആരാണ് ഫാദര്‍ ബനഡിക്ട്’: അതിശയിപ്പിച്ച് ദ് പ്രീസ്റ്റ് ടീസര്‍

The Priest Official Teaser

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ദ് പ്രീസ്റ്റ്. പ്രഖ്യാപനം മുതല്‍ക്കേ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു ചിത്രം. പ്രേക്ഷക പ്രതീക്ഷ വര്‍ധിപ്പിയ്ക്കുകയാണ് ചിത്രത്തിന്റെ ടീസര്‍. സസ്‌പെന്‍സ് നിറച്ചാണ് ടീസര്‍ ഒരുക്കിയിരിയ്ക്കുന്നതും. ‘ശരിക്കും ആരാണ് ഫാദര്‍ ബനഡിക്ട്’ എന്ന ചോദ്യത്തോടെ അവസാനിയ്ക്കുന്ന ടീസര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് ജോഫിന്‍. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

Read more: ടാലെന്റ് എന്നൊക്കെ പറഞ്ഞാല്‍ ദേ ഇതാണ്; ആരും കൈയടിയ്ക്കും ഈ ഗംഭീര പ്രകടനത്തിന്

മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്രതാരങ്ങളാണ് മമ്മൂട്ടിയും മഞ്ജു വാര്യരും. ഇരുവരും അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഏറെയാണെങ്കിലും മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന ഒരു ചിത്രം എന്നത് മലയാള ചലച്ചിത്ര ആസ്വാദകര്‍ക്കും എക്കാലത്തും പ്രിയപ്പെട്ട സ്വപ്നമായിരുന്നു. ദ് പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ഈ സ്വപ്നം സഫലമാവുകയാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും.

Story highlights: The Priest Official Teaser