മൊഴിമാറ്റിയിട്ടും ഭംഗി ചോരാതെ ഇൻസ്‌പെക്ടർ വിക്രമിലെ പാട്ട്

bhavana

മലയാളത്തിലും കന്നഡയിലും അടക്കം തെന്നിന്ത്യൻ സിനിമ മേഖലയിൽ നിരവധി ആരാധകരുള്ള താരമാണ് ഭാവന. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇൻസ്‌പെക്ടർ വിക്രം. ചിത്രത്തിലെ പാട്ടാണ് ഇപ്പോൾ സംഗീത പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. ഒരു കന്നഡ ഗാനം മലയാളത്തിൽ ആക്കിയാൽ ഇത്ര മനോഹരമാകുമോ എന്നാണ് ഈ പാട്ടുകേട്ട പലരും ചോദിക്കുന്നത്. സാധാരണ സിനിമകൾ മൊഴിമാറ്റം ചെയ്യപ്പെടുമ്പോൾ പാട്ടുകളോട് പലരും നീതി പുലർത്താറില്ല. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി പാട്ടിന് ഏറെ പ്രാധാന്യം നൽകികൊണ്ട് വളരെ മനോഹരമായ രീതിയിലാണ് ഇത്തവണ ഇൻസ്പെക്ടർ വിക്രമിലെ പാട്ട് ക്രമീകരിച്ചിരിക്കുന്നത്. യാസിന്‍ നിസാര്‍ പാടിയ ഗാനത്തിന്‍റെ വരികളെഴുതിയത് ഖാദര്‍ ഹസ്സനും സംഗീതം നല്‍കിയത് അനൂപ് സീലിനുമാണ്.

പ്രജ്വൽ ദേവ്‌രാജ് നായകനായി എത്തുന്ന ചിത്രമാണ് ഇൻസ്‌പെക്ടർ വിക്രം. ശ്രീ നരസിംഹയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. റൊമാന്റിക് ആക്ഷൻ ത്രില്ലർ മൂഡിലൊരുക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ട്രെയ്‌ലറും ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ഭാവനയ്ക്കും പ്രജ്വൽ ദേവ്‌രാജിനും പുറമെ രഘു മുഖർജി, പ്രദീപ്, ദർശൻ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read also:തലതിരിഞ്ഞ് ചിത്രങ്ങൾ വരച്ച് അമൃത്; അത്ഭുത കലാകാരനെ തേടിയെത്തിയത് നിരവധി റെക്കോർഡുകൾ

അതേസമയം തെന്നിന്ത്യൻ സിനിമ ലോകത്ത് തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു ഭാവന. ‘നമ്മള്‍’ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. അഭിനയമികവുകൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയയായി. സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം. പിന്നീട് വിവാഹശേഷമുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ 99-ലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു ഭാവന. ഇപ്പോൾ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരമാണ് ഭാവന.

Story Highlights: bhavana film video song