‘ഇഷ്‌ക്’ തെലുങ്ക് റീമേക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; നായികയായി പ്രിയ വാര്യർ

March 5, 2021

മലയാളത്തിൽ ഹിറ്റായി മാറിയ ‘ഇഷ്ക്’ വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധനേടുകയാണ്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ നായികയായി എത്തുന്നത് നടി പ്രിയ വാര്യരാണ്. തേജ സജ്ജയാണ് നായകൻ.  ‘ഇഷ്‌ക്- നോട്ട് എ ലൗ സ്റ്റോറി’ എന്ന പേരിൽ തന്നെയാണ് തെലുങ്കിലും ചിത്രം ഒരുങ്ങുന്നത്.

എസ് എസ് രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹതി സ്വര സാഗറാണ് സംഗീതം ഒരുക്കുന്നത്. മെഗാ സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ എൻ‌വി പ്രസാദ്, പരസ് ജെയിൻ, വകഡ അഞ്ജൻ കുമാർ എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. സാം കെ നായിഡു ക്യാമറ കൈകാര്യം ചെയ്യുന്നു.

അതേസമയം, മലയാളത്തിൽ ഹിറ്റായ ‘ഇഷ്‌ക്’ തമിഴിലേക്കും ബോളിവുഡിലേക്കും റീമേക്കിന് ഒരുങ്ങുകയാണ്. അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ഷെയ്ൻ നിഗമും ആൻ ശീതളും അഭിനയിച്ച ചിത്രമാണ് ‘ഇഷ്‌ക്’. നീരജ് പാണ്ഡെ നിര്‍മാതാവായിട്ടുള്ള ഫ്രൈഡേ ഫിലിം വര്‍ക്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിനേതാക്കളെക്കുറിച്ചോ സംവിധാനം ആരെന്നതിനെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

Read More: ‘അണ്ണാമലൈ’യിലെ രജനികാന്തായി ഡേവിഡ് വാർണർ- ശ്രദ്ധനേടി രസകരമായ വീഡിയോ

തമിഴ് ചിത്രത്തിലും ആൻ ശീതൾ ആണ് നായിക. ഷെയ്ൻ നിഗത്തിന്റെ വേഷം കതിർ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നോട്ട് എ ലൗ സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് ‘ഇഷ്‌ക്’ തീയറ്ററുകളിലേക്കെത്തിയത്. നവഗാതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്‌കിന്റെ നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ‘ഇഷ്‌കി’ല്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Story highlights- ishq; not a love story telugu remake first look poster