റിലീസിങ്ങിന് തയാറെടുത്ത് ടൊവിനോ ചിത്രം കള; മാര്‍ച്ച് 25 ന് തിയേറ്ററുകളിലേക്ക്

March 19, 2021
Kala release date announced

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കള. രോഹിത് വി എസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കള’യ്ക്ക് ഉണ്ട്. റിലീസിങ്ങിനൊരുങ്ങുകയാണ് ചിത്രം. മാര്‍ച്ച് 25 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

അതേസമയം ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസറും ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. മികച്ച പശ്ചാത്തല സംഗീതവും ടീസറിന്റെ മാറ്റുകൂട്ടി. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ടൊവിനോ. ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ തുടങ്ങിയവരും ചിത്രത്തില്‍ ടൊവിനോയ്ക്ക് ഒപ്പം അണിനിരക്കുന്നുണ്ട്. യദു പുഷ്പാകരന്‍, രോഹിത് വി എസ് എന്നിവര്‍ ചേര്‍ന്ന് ‘കളയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Read more: മാതാപിതാക്കളുടെ വിവാഹച്ചടങ്ങിൽ സ്റ്റാറായി ഒരു കൊച്ചുമിടുക്കി; ക്യൂട്ട് വിഡിയോ

അതേസമയം രോഹിത് വി എസ് സംവിധാനം നിര്‍വഹിച്ച ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്’ എന്നീ രണ്ട് ചിത്രങ്ങളും തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. ടൊവിനോയെ നായകനാക്കി പുതിയ ചിത്രവുമായി രോഹിത് വി എസ് വരുമ്പോള്‍ പ്രേക്ഷക പ്രതീക്ഷയും ചെറുതല്ല.

നിലനില്‍പ്പിന്റെ ഭാഗമായി ഏതൊരു ജീവിയ്ക്കും ഭയമുണ്ടാകും. ആ ഭയത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിയ്ക്കുന്നത് എന്ന് സംവിധായകന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ചും ചിത്രത്തില്‍ പരാമര്‍ശിയ്ക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നായകന്റെ ഒപ്പം ഒരു നായയും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.

Story highlights: Kala release date announced