സെക്കന്റ് ഷോ ഇല്ല: മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റിന്റെ റിലീസ് മാറ്റി

March 2, 2021
Mammootty's The priest movie release date postponed

സംസ്ഥാനത്തെ തിയേറ്ററുകളില്‍ സെക്കന്റ് ഷോ അനുവദിയ്ക്കാത്ത സാഹചര്യത്തില്‍ മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റിന്റെ റിലീസ് മാറ്റി. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം ഔദ്യോഗികമായി പങ്കുവെച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയും കേരളത്തില്‍ ഇപ്പോഴും നാല് ഷോ നടത്തുവാനുള്ള അനുമതി ഇല്ലാതിരിയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിയത് എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിയ്ക്കുന്ന ചിത്രംകൂടിയാണ് ദ് പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് ജോഫിന്‍. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മോനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും മികച്ച സ്വീകാര്യത നേടിയിരുന്നു.

Read more: ധനുഷിനൊപ്പം രജിഷ വിജയനും ലാലും: ശ്രദ്ധ നേടി കര്‍ണനിലെ പാട്ട് വീഡിയോ

മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്രതാരങ്ങളാണ് മമ്മൂട്ടിയും മഞ്ജു വാര്യരും. ഇരവരും അനസ്വരമാക്കിയ കഥാപാത്രങ്ങള്‍ ഏറെയാണെങ്കിലും മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന ഒരു ചിത്രം എന്നത് മലയാള ചലച്ചിത്ര ആസ്വാദകര്‍ക്കും എക്കാലത്തും പ്രിയപ്പെട്ട സ്വപ്നമായിരുന്നു. ദ് പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ഈ സ്വപ്നം സഫലമാവുകയാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും.

Story highlights: Mammootty’s The priest movie release date postponed