അലിഗഢിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക്; പത്രവിതരണക്കാരൻ കമ്പനി സ്ഥാപകനായ കഥ, പ്രചോദനമാണ് ആമിർ

March 16, 2021
Story of youngster crossed many hurdles to build his own company

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ നിശ്ചയദാർഢ്യത്തോടെ നേരിട്ട് മികച്ച വിജയം നേടിയെടുക്കുന്ന നിരവധിപ്പേർ നമ്മുടെ ഇടയിലുണ്ട്. അത്തരത്തിൽ ലോകത്തിന് മുഴുവൻ പ്രചോദനമാകുകയാണ് പത്രവിതരണക്കാരനായും വിമാനത്തിലെ ക്‌ളീനിംഗ് ജോലിക്കാരനായുമൊക്കെ ജോലി ചെയ്ത് ഇപ്പോൾ പത്ത് കോടിയോളം രൂപ വാർഷിക വരുമാനം നേടുന്ന 31 കാരനായ ആമിർ ഖുതുബ് എന്ന യുവാവ്. ജീവിതത്തിലെ ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിന്ന ഈ യുവാവ് ഇന്ന് നിരവധിപേർക്ക് മാതൃകയാണ്.

ആമിർ ഖുതുബ് വളരെ സാധാരണമായ ഒരു കുടുംബത്തിലാണ് ജനിച്ച് വളർന്നത്. ഉത്തർപ്രദേശിലെ സഹാറൻപൂരിലാണ് ആമിർ ജനിച്ചത്. ആമിറിന് മികച്ച വിദ്യാഭ്യസം നൽകുന്നതിനായി മാതാപിതാക്കൾ ആമിറിനെ ഇവിടെനിന്നും അലിഗഡിലേക്ക് മാറ്റി. മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുന്നതിനായി കോളജിൽ ചേർന്ന ആമിറിന് പക്ഷെ മികച്ച രീതിയിൽ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. കോളജ് പഠനകാലത്ത്, ഇവൻ എവിടെയും എത്തിച്ചേരാൻ പോകുന്നില്ലെന്ന് പറഞ്ഞ് അധ്യാപകർ വിധിയെഴുതിയ കുട്ടികളിൽ ഒരാളായിരുന്നു ആമിർ. പഠനത്തിൽ മോശമാണെന്ന് പറഞ്ഞ് എല്ലാവരാലും കുറ്റപ്പെടുത്തിയ ആ വിദ്യാർത്ഥി ഇന്ന് ലോകത്തിന് മുഴുവൻ പ്രചോദനമാകുന്ന ഒരാളായി മാറിയിരിക്കുകയാണ്.

പഠനകാലത്ത് സ്വന്തമായി ഒരു സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് ആരംഭിച്ചുകൊണ്ടാണ് ആമിറിന്റെ വിജയത്തിലേക്കുള്ള ചുവടുവയ്പ്പ്. നാലുമാസം സമയമെടുത്ത് കോളജിനായാണ് ആമിർ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് തുടങ്ങിയത്. ചെറിയ കാലത്തിനുള്ളിൽ നിരവധി ആളുകളിലേക്ക് ഈ നെറ്റ്‌വർക്ക് വികസിച്ചു. പിന്നീട് പല കമ്പനികളിലും ജോലി ചെയ്ത അദ്ദേഹം സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാൻ തീരുമാനിച്ചു. എന്നാൽ ഈ കാലഘട്ടം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. വിമാനത്തിൽ ക്‌ളീനിംഗ് ജോലി ചെയ്തും പത്രവിതരണം നടത്തിയും ആമിർ ജീവിത ചിലവ് കണ്ടെത്തി. അതിനിടെയിൽ എം ബിയെ പഠനവും പൂർത്തിയാക്കിയ ആമിർ പിന്നീട് മറ്റൊരു സ്ഥാപനത്തിൽ ജോലിക്ക് കയറി.

2014 ലാണ് ആമിർ സ്വന്തമായി ഒരു സംരംഭം ആരംഭിക്കുന്നത്. കാലക്രമേണ മികച്ച സ്വീകാര്യത നേടിയ ആമിറിന്റെ സ്ഥാപനത്തിൽ ഇപ്പോൾ നിരവധി ആളുകൾ ജോലി ചെയ്യുന്നുണ്ട്. അതിന് പുറമെ വാർഷിക വരുമാനമായി പത്ത് കോടിയിലധികം രൂപയാണ് ആമിർ നേടുന്നത്.

Story Highlights:Story of youngster crossed many hurdles to build his own company