സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്, ഈ ഫോർട്ട് കൊച്ചി മമ്മൂഞ്ഞ്; വേഷപ്പകർച്ചയിലും അഭിനയത്തിലും അമ്പരപ്പിച്ച് മിയക്കുട്ടി

March 6, 2021

ആസ്വാദക ഹൃദയങ്ങളിൽ പാട്ടിന്റെ മധുരമഴ പൊഴിയിച്ച് ജൈത്രയാത്ര തുടരുകയാണ് ടോപ് സിംഗർ. രണ്ടാം സീസണിലും പ്രേക്ഷകർ കുരുന്നു പാട്ടുകാർക്ക് പകരുന്ന ഊർജം ചെറുതല്ല. ഇത്തവണ പാട്ടിനൊപ്പം തന്നെ ഒട്ടനവധി കഴിവുകളുമുള്ള കുട്ടികളാണ് വേദിയിൽ മാറ്റുരയ്ക്കാൻ എത്തിയിരിക്കുന്നത്. പാട്ടിനൊപ്പം അഭിനയത്തിലും മിടുക്കരാണെന്ന് തെളിയിക്കുകയാണ് ടോപ് സിംഗർ സീസൺ 2ലെ പുതിയ റൗണ്ടിലൂടെ കൊച്ചുപാട്ടുകാർ. സ്കിറ്റും പാട്ടുമായി എത്തുന്ന പുതിയ റൗണ്ടിലൂടെ മത്സരാർത്ഥികളുടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർ കണ്ടിരുന്നു.

ഇക്കൂട്ടത്തിൽ വേറിട്ട് നിൽക്കുകയാണ് പാട്ടുവേദിയുടെ മനം കവർന്ന മിയയുടെ പ്രകടനം. ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് മിയ. പാട്ടും രസകരമായ സംസാരവുംകൊണ്ട് മുൻപ് തന്നെ ജനപ്രീതി നേടിയ മിയ, അഭിനയത്തിലും പുലിയാണ് എന്നാണ് തെളിയിച്ചിരിക്കുന്നത്. ഫോർട്ട് കൊച്ചിക്കാരൻ മമ്മൂഞ്ഞ് എന്ന കഥാപാത്രമായാണ് മിയ പാട്ടുവേദിയിൽ നിറഞ്ഞാടിയത്.

Read More: ജാനകിയമ്മയുടെ പാട്ടുമായെത്തി ആസ്വാദക ഹൃദയങ്ങൾ തൊട്ട് ദേവൂട്ടി; അതിമനോഹരം ഈ ആലാപന മികവ്

ഇത്രയും ചെറിയ പ്രായത്തിൽ വളരെ ദൈർഘ്യമുള്ള ഡയലോഗുകൾ ഒട്ടും പതറാതെ അവതരിപ്പിച്ച മിയയോട് ജഡ്ജസും മികച്ച അഭിപ്രായമാണ് പറഞ്ഞത്. പാട്ടിനൊപ്പം അഭിനയിച്ച് കയ്യടി വാങ്ങിയ ഈ ഫോർട്ട് കൊച്ചി മമ്മൂഞ്ഞ് സമൂഹമാധ്യമങ്ങളിലും താരമാകുകയാണ്. അതേസമയം, മുൻപ് തന്നെ മിയ സമൂഹമാധ്യമങ്ങളിൽ താരമാണ്. പാട്ടിലെ വാക്കുകൾ തെറ്റാതെ പാടുമെങ്കിലും സംസാരിക്കുമ്പോൾ ചില വാക്കുകൾ കുഞ്ഞുമിയക്ക് തലതിരിഞ്ഞു പോകും. കുറുമ്പ് നിറഞ്ഞ സംസാരത്തിനിടയിൽ ഈ രസികൻ വാക്കുകൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

Story highlights-Top singer season 2 fame miah skit video