രക്തദാനത്തിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തി സ്‌പെഷ്യല്‍ വിഡിയോ പങ്കുവെച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

April 25, 2021
Blood donation message by Sachin Tendulkar

ശ്രദ്ധ നേടുകയാണ് രക്തദാനത്തെക്കുറിച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പങ്കുവെച്ച ഒരു വിഡിയോ. തന്റെ 48-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് സ്‌പെഷ്യല്‍ വിഡിയോ താരം പങ്കുവെച്ചത്. കൊവിഡ് പോസിറ്റീവായി ഐസൊലേഷനില്‍ കഴിയേണ്ടിവന്നു എന്നും മനസ്സുകൊണ്ട് പോസിറ്റീവാകാന്‍ എല്ലാവരും സഹായിച്ചു എന്നും സച്ചിന്‍ വിഡിയോയില്‍ പറഞ്ഞു.

‘കഴിഞ്ഞ വര്‍ഷം ഒരു പ്ലാസ്മ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. അതുമായി ബന്ധപ്പെട്ട ഒരു സന്ദേശം നല്‍കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളില്‍ കൊവിഡ് മുക്തരായവര്‍ കൊവിഡ് ബാധിതര്‍ക്കായി രക്തം ദാനം ചെയ്യൂ. പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് അത് സഹായിക്കും’ എന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 24-നായിരുന്നു സച്ചിന്റെ പിറന്നാള്‍. നിരവധിപ്പേര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടും രംഗത്തെത്തി. മുംബൈയിലെ ഒരു സാരസ്വത് ബ്രാഹ്‌മിന്‍ കുടുംബത്തില്‍ 1973 നായിരുന്നു സച്ചിന്റെ ജനനം. അച്ഛനായ രമേഷ് തെന്‍ഡുല്‍ക്കര്‍ മറാത്തി സാഹിത്യകാരന്‍കൂടിയായിരുന്നു. തനിക്ക് പ്രിയപ്പെട്ട സംഗീത സംവിധായകനായ സച്ചിന്‍ ദേവ് ബര്‍മ്മന്റെ പേരിലെ സച്ചിന്‍ എന്ന പേര് അദ്ദേഹം തന്റെ മകന് നല്‍കി.

പ്രാഥമിക വിദ്യാഭ്യാസ കാലത്ത് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ സച്ചിന്‍ പഠിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനിടയില്‍ എംആര്‍എഫ് പേസ് അക്കാദമിയില്‍ നിന്നും പേസ് ബൗളിങ്ങില്‍ പരിശീലനത്തിനു ചേര്‍ന്നെങ്കിലും പരിശീലകനായ ഡെന്നീസ് ലില്ലിയുടെ നിര്‍ദ്ദേശ പ്രകാരം സച്ചിന്‍ ബാറ്റിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി.

പിന്നീട് അങ്ങോട്ട് ക്രിക്കറ്റില്‍ ബറ്റുകൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്തു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ അദ്ദേഹം നേടിയിട്ടുള്ള റെക്കോര്‍ഡുകളും നിരവധിയാണ്. പതിനഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള സച്ചിന്റെ അരങ്ങേറ്റം.

തന്റെ ആദ്യ ആഭ്യന്തര മത്സരത്തില്‍ തന്നെ 100 റണ്‍സെടുത്ത് സച്ചിന്‍ പുറത്താകാതെ നിന്നതും കൗതുകകരമാണ്. 1994- ല്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ സച്ചിന് ഓപ്പണിങ് ബാറ്റ്‌സ്മാനായി. രണ്ട് തവണ ഇതിഹാസ താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തെത്തിയിട്ടുണ്ട്.

2012 ഡിസംബര്‍ 23 ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. 2013- ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും താരം വിടവാങ്ങി.

Story highlights: Blood donation message by Sachin Tendulkar