18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍; ആദ്യം പരിഗണിക്കുക മുന്‍ഗണന വിഭാഗക്കാരെ

May 16, 2021
vaccination

കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് വാക്‌സിനേഷന്‍. ഇപ്പോഴിതാ 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള മാര്‍ഗരേഖ തയാറായി. മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണ് ആദ്യം വാക്‌സിൻ നൽകുക. മുന്‍ഗണന ഉറപ്പാക്കാന്‍ 20ല്‍ അധികം രോഗങ്ങളുടെ പട്ടികയിറക്കിയിട്ടുണ്ട്. ഹൃദ്രോഗം ഉള്‍പ്പെടെ ഗുരുതര അസുഖമുള്ളവര്‍ക്കാണ് ആദ്യം വാക്‌സിൻ നൽകുക.

അതേസമയം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എസ്എംഎസിലൂടെ അപേക്ഷകരെ അറിയിക്കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് പ്രത്യേക ക്യൂ ഉണ്ടായിരിക്കും.

ഓണ്‍ലൈന്‍ ആയി മാത്രമായിരിക്കും വാക്സിനേഷന് രജിസ്റ്റർ ചെയ്യാൻ സാധിക്കുക. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കില്ല. cowin.gov.in എന്ന വെബ്‌സൈറ്റ് വഴിയും ആരോഗ്യസേതു ആപ്പ് വഴിയും വാക്സിനേഷന് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിനായി വയസ് തെളിയിക്കുന്ന രേഖയാണ് ആദ്യം വേണ്ടത്. രജിസ്ട്രേഷൻ ആരംഭിക്കുമ്പോൾ നൽകുന്ന വിവരങ്ങൾ ആധാർ പോർട്ടൽ, ഓൺലൈൻ വോട്ടർ പട്ടിക എന്നിവയിൽ നിന്നുള്ള വിവരങ്ങൾ കൃത്യമാണോ എന്ന് ആപ്പ് തന്നെ ഒത്തു നോക്കും.

Read also:അതിശയിപ്പിക്കുന്ന ദൃശ്യഭംഗിയിൽ കോമിക്; പെയിന്റിങ്ങുകളും പരവതാനികളും നിറഞ്ഞ് ലോകത്തിന്റെ നെറുകയിൽ ഒരു ഗ്രാമം

വയസ് തെളിയിക്കുന്ന രേഖ കൊവിൻ ആപ്പ് സ്വീകരിച്ചു കഴിഞ്ഞാൽ വാക്‌സിനേഷൻ സെന്ററുകളും ലൊക്കേഷനും എഴുതി കാണിക്കും. സർക്കാർ മേഖലയിലും സ്വകാര്യ ആശുപത്രികളിലും വാക്‌സീൻ സ്വീകരിക്കാൻ സംവിധാനമുണ്ട്. ഏത് കേന്ദ്രത്തിൽ നിന്നും വാക്സിൻ സ്വീകരിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്.

ഇതോടൊപ്പം അനുബന്ധ രോഗങ്ങള്‍ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതാണ്. രോഗമുള്ളവര്‍ ഡോക്ടര്‍മാരുടെ ഒപ്പോട് കൂടിയ ഫോം അപ്ലോഡ് ചെയ്യണം. (അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗസംബന്ധമായ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും ആരോഗ്യ വകുപ്പിന്റെ വൈബ് സൈറ്റില്‍ ലഭ്യമാണ്.) ഇത്രയും നല്‍കിയ ശേഷം സബ്മിറ്റ് നല്‍കുക. നല്‍കിയ രേഖകള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ വാക്‌സിന്റെ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കുന്നതാണ്.

Story highlights: covid vaccination fourth zone 18-44