സ്ഫോടനങ്ങളിൽ കാലുകൾ തകർന്ന ആനകൾക്ക് കൃതൃമ കാൽ നൽകി ഡോക്ടർ- ഹൃദയം തൊടുന്ന വിഡിയോ

May 11, 2021

മൃഗങ്ങളോടുള്ള സ്നേഹവും കരുണയുമെല്ലാം അപൂർവ്വകാഴ്ചയായി മാറുന്ന കാലത്ത് ഹൃദയം തൊടുന്ന ചില മനുഷ്യരുണ്ട്. തെരുവിൽ അലയുന്ന മൃഗങ്ങൾക്കും, അവശരായ മൃഗങ്ങൾക്കുമെല്ലാം താങ്ങാകുന്ന ചിലർ. മനസ് നിറയ്ക്കുന്ന പ്രവർത്തിയിലൂടെ ഇപ്പോഴിതാ, ഹൃദയം തൊടുകയാണ് ഓസ്‌ട്രേലിയയിലെ ഒരു വെറ്റിനറി സർജൻ. കാലുകൾ തകർന്ന ആനകൾക്ക് കൃതൃമ കാൽ ഘടിപ്പിച്ച് നൽകിയിരിക്കുകയാണ് ഡോക്ടർ.

‘ജംഗിൾ ഡോക്ടർ’ എന്ന് അറിയപ്പെടുന്ന ഡോ. ക്ലോ ബ്യൂട്ടിംഗാണ് ആനകൾക്ക് കാലുകൾ പിടിപ്പിച്ചതിനു പിന്നിൽ. ലോകമെമ്പാടുമുള്ള വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി വർഷങ്ങളായി പ്രവർത്തിക്കുകയാണ് ക്ലോ. ഇപ്പോൾ തായ്‌ലൻഡിൽ ആനകളെ സംരക്ഷിക്കുന്ന തിരക്കിലാണ് ഡോക്ടർ. തായ്‌ലൻഡിലെ ലാൻഡ്‌മൈനുകൾക്ക് മുകളിലൂടെ നടന്ന ആനകൾക്ക് ഡോക്ടർ മൂന്നുവർഷത്തോളമായി പ്രോസ്റ്റെറ്റിക് കാലുകൾ നൽകിവരുന്നു.

മണ്ണിനടിയിൽ ഒളിപ്പിച്ചിരിക്കുന്ന ഒരു സ്ഫോടനാത്മക ഉപകരണമാണ് ലാൻഡ് മൈൻ. ശത്രുക്കളെയോ അവർ സഞ്ചരിക്കുന്ന വാഹനങ്ങളെയോ തകർക്കാൻ പട്ടാളക്കാർ ഉപയോഗിക്കുന്ന ഒന്നാണ് ലാൻഡ് മൈൻ. ഇതിനുമുകളിലൂടെ പോകുമ്പോൾ അവ സാധാരണഗതിയിൽ സ്വപ്രേരിതമായി പൊട്ടിത്തെറിക്കും. അങ്ങനെയാണ് ആനകൾക്ക് കാലുകൾ നഷ്ടമായത്.

Read More: റാസ്‌പുടിന് പിന്നാലെ സാരിയിൽ മനോഹര നൃത്തവുമായി ജാനകി- വിഡിയോ

തായ്‌ലൻഡ്-മ്യാൻമർ അതിർത്തിയിൽ പരിക്കേറ്റ ആനകളുടെ അവസ്ഥ കണ്ട ശേഷമാണ് ഡോക്ടർ ഇങ്ങനെയൊരു ആശയത്തിലേക്ക് എത്തിയത്. ഡോക്ടർ ഇങ്ങനെ കാലുകൾ വെച്ചുപിടിപ്പിച്ചില്ലായിരുന്നുവെങ്കിൽ അവയെ ദയാവധത്തിന് വിധേയമാക്കിയേനെ എന്നതാണ് ശ്രദ്ധേയം. മരണത്തിൽ നിന്നും ബ്യൂട്ടിംഗ് രക്ഷിച്ചത് ഒട്ടേറെ ആനകളെയാണ്. കാലുകൾ ഭാഗികമായോ പൂർണമായോ നഷ്‌ടമായ ആനകൾക്ക് പിന്നീടുള്ള ജീവിതം ദുസ്സഹമാണ്. പ്രോസ്തെറ്റിക് കാലുകളുടെ സഹായത്തോടെ നടക്കാവുന്നതിനാൽ ആനകൾക്ക് അതിജീവിക്കാൻ സാധിക്കും എന്നതാണ് സന്തോഷകരമായ കാര്യം.

Story highlights-doctor giving prosthetic legs to elephants