‘വാക്കുകൾക്കും വാൾമുനയുണ്ടെന്ന് പഠിപ്പിച്ചു തന്നയാൾ’- ഡെന്നിസ് ജോസഫിന്റെ ഓർമകളിൽ മുരളി ഗോപി

May 11, 2021

മലയാളത്തിലെ പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നിസ് ജോസഫിന്റെ വിയോഗം മലയാള സിനിമയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ലോകം അറിയുന്ന തരത്തിൽ മലയാളത്തിൽ രണ്ടു പ്രധാന താരങ്ങളെ വളർത്തിയെടുത്തതിൽ ഡെന്നിസ് ജോസഫ് വഹിച്ച പങ്ക് ചെറുതല്ല. ഇടക്കാലത്ത് മങ്ങലേറ്റ മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും അഭിനയജീവിതത്തിന് ഊർജം പകർന്നത് ഡെന്നിസ് ജോസഫായിരുന്നു. സിനിമാലോകത്ത് നിന്നും അദ്ദേഹത്തിന് ആദരാജ്ഞലികൾ നിറയുമ്പോൾ മുരളി ഗോപിയുടെ വാക്കുകൾ ശ്രദ്ധേയമാകുകയാണ്.

മുരളി ഗോപിയുടെ പോസ്റ്റ്;

1987. പഴയ ഒരു ക്രിക്കറ്റ് കളം. വേനൽ അവധിക്കാലം. അടുത്തുള്ള ഏതോ അമ്പലത്തിൽ ഉത്സവം പ്രമാണിച്ചുള്ള ആഘോഷം. തെങ്ങായ തെങ്ങിലൊക്കെ കെട്ടിവച്ച കോളാമ്പികളിലാകെ സിനിമാ ഗാന യാഗം.
താഴെ, തീപ്പൊരി മത്സരം. അവസാന വേഗം. ഉദ്വെഗ നിമിഷം. അപ്പോഴതാ, കോളാമ്പികളിൽ ഒന്നടങ്കം ഒരു ശബ്ദം: “ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദർ ആരാണെന്ന്…”.. കളിക്കളം ഉറഞ്ഞു. കളി മറന്നു. കളിക്കാർ നിന്നയിടങ്ങളിൽ നിന്ന് കാതോർത്തു.

തെങ്ങിൻതലപ്പുകളിൽ നിന്ന് പൊട്ടിച്ചിതറുന്ന അഭ്രതീവ്രതയുടെ ശബ്ദച്ചീളുകൾ! ആ കളി ആര് ജയിച്ചു എന്ന് ഇന്നും ഞങ്ങൾ ഓർക്കുന്നില്ല. ഓർക്കുന്നത് ഒന്ന് മാത്രം: വൈഭവത്തിന് വീര്യത്തിൽ പിറന്ന വാക്കുകൾക്ക് ജീവിതത്തെ പോലും തളച്ചിടാനുള്ള ത്രാണിയുണ്ടെന്ന്..! ഡെന്നിസ് ജോസഫ്, സർ, മറക്കില്ല, ഒരിക്കലും. ത്രസിപ്പിച്ചതിന്‌. കയ്യടിപ്പിച്ചതിന്.
വാക്കുകൾക്കും വാൾമുനയുണ്ടെന്ന് പഠിപ്പിച്ചു തന്നതിന്..

Read More: അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളസിനിമയിലേക്ക് സനുഷ വീണ്ടും വരുന്നു; വിശേഷങ്ങള്‍ പങ്കുവെച്ച് താരം

കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽവെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് തിങ്കളാഴ്ച വൈകുന്നേരം ഡെന്നിസ് ജോസഫ് മരണമടഞ്ഞത്.

Story highlights- murali gopy about dennis joseph