ലോക്ക്ഡൗൺ; യാത്രാ പാസ് നിർബന്ധം, ഓൺലൈൻ സംവിധാനം ഇന്ന് മുതൽ

May 8, 2021
Lock Down

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇന്നു മുതൽ മെയ് 16 വരെ ഒരാഴ്ചക്കാലത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കർശന നിയന്ത്രണങ്ങളും പൊലീസ് പരിശോധനയും സജീവമാണ്. അനാവശ്യ യാത്രകൾ തടയുന്നതിനായി യാത്രാ പാസ് പൊലീസ് നിർബന്ധമാക്കിയിട്ടുണ്ട്.

പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് വൈകുന്നേരത്തോടെ നിലവിൽ വരും. അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യാത്ര ചെയ്യുന്നതിന് അതാത് സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പൊലീസ് പാസിന്റെ ആവശ്യമില്ല.

തൊഴിലാളികള്‍ക്കും കൂലിപ്പണിക്കാർക്കും വീട്ടുജോലിക്കാർക്കും ശനിയാഴ്ച വരെ സ്വയം സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര ചെയ്യാവുന്നതാണ്. എന്നാൽ, ശനിയാഴ്ചക്കുശേഷം ഇവർ നേരിട്ടോ അവരുടെ തൊഴില്‍ദാതാക്കള്‍ വഴിയേ പാസിന് അപേക്ഷിക്കേണ്ടതാണ്.

ജില്ലാ പൊലീസ് മേധാവിയുടെ വെബ്‌സൈറ്റിലാണ് പാസിന് അപേക്ഷിക്കേണ്ടത്. മൊബൈൽ വഴി പാസ് ലഭിക്കും. തൊഴിലാളികൾക്ക് പുറമെ ലോക്ക്ഡൗണിൽ ഇളവ് നൽകിയിരിക്കുന്ന തൊഴിൽ മേഖലയിൽ ഉള്ളവർക്കും പാസ് നൽകും. അടിയന്തിര യാത്ര ആവശ്യമുള്ള പൊതു ജനങ്ങൾക്കും പാസിന് അപേക്ഷിക്കാം. അടുത്ത ബന്ധുവിന്റെ വിവാഹം, മരണം, ആശുപത്രി തുടങ്ങിയ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കാണ് പാസ് ലഭിക്കുക.

Read also:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ടുകോടി രൂപ സംഭാവന ചെയ്ത് അനുഷ്കയും വിരാടും; ലക്ഷ്യം ഏഴുകോടി

അതേസമയം അടിയന്തിരമായി പാസ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷിക്കാവുന്നതാണ്.

Story highlights: lockdown- police pass compulsory from today