അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; 14 മുതൽ കേരളത്തിൽ കനത്ത മഴ

May 11, 2021

അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ 14 രാവിലെയോടെ ന്യൂനമർദം രൂപപ്പെടാനാണ് സാധ്യത. ലക്ഷദ്വീപിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം 16-ഓടെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ഈ സാഹചര്യത്തിൽ കേരളത്തിൽ 14 മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും ന്യൂനമർദ രൂപീകരണ ഘട്ടത്തിൽ ശക്തമായ കടലാക്രമണവും ശക്തമായ കാറ്റും കേരളത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിനാൽ നിർദ്ദേശങ്ങൾ മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

2021 മെയ് 14 മുതൽ കേരള തീരത്ത് നിന്നുള്ള മൽസ്യബന്ധനം പൂർണ്ണമായും നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മെയ് 14 ന് തിരുവനന്തപുരം, കൊല്ലം, ജില്ലകളിലും 15 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights: Weather report kerala