ആശ്വാസം; രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു

June 14, 2021

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള നമ്മുടെ പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല രാജ്യത്ത് കോറോണ വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ നാം ജാഗ്രത തുടരേണ്ടിയിരിക്കുന്നു.

എന്നാല്‍ രാജ്യത്ത് പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളിലെ കുറവ് നേരിയ ആശ്വാസം പകരുന്നുണ്ട്. നിലവില്‍ പത്ത് ലക്ഷത്തില്‍ താഴെയാണ് രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം എന്നതും അതിജീവനത്തിന് കൂടുതല്‍ പ്രതീക്ഷ പകരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ ഒന്നിന് ശേഷം ഇത് ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇത്രേയും കുറവ് രേഖപ്പെടുത്തുന്നതും. രാജ്യത്താകെ ഇതുവരെ 2,95,10,410 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 3921 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് മൂലം രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 3,74,305 ആയി. 2,81,62,947 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തരായിട്ടുണ്ട്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 97,3158 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.

Story highlights: India Sees Fewest New Covid Cases Since April 1