മാസ്സ് വില്ലൻ അധീര; ശ്രദ്ധനേടി കെജിഎഫിലെ സഞ്ജയ് ദത്തിന്റെ ലുക്ക്

July 29, 2021

യാഷ് നായകനായി എത്തിയ കെജിഎഫ് ഇന്ത്യൻ സിനിമ പ്രേമികൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ചിത്രമാണ്. കഴിഞ്ഞ വർഷം ഡിസംബർ 21-നാണ് കെജിഎഫിന്‍റെ ആദ്യ ഭാഗം ഇന്ത്യയിൽ റിലീസ് ചെയ്തത്. ‘ഉഗ്രം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നീൽ ആണ് ചിത്രം സംവിധാനം ചെയ്തത്. കന്നഡ സൂപ്പർ താരം യാഷ് പ്രധാന വേഷത്തിലെത്തുന്ന സിനിമയിൽ ശ്രിനിധി ഷെട്ടി, രമ്യ കൃഷ്ണ, ആനന്ദ് നാഗ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. രണ്ടാം ഭാഗത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ബോളിവുഡ് താരം സഞ്ജയ് ദത്തും. നായകനോളം തന്നെ പ്രാധാന്യം ലഭിക്കുന്ന വില്ലൻ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. അധീര എന്ന സഞ്ജയ് ദത്തിന്റെ കഥാപാത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ മേക്ക് ഓവർ ലുക്ക് നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അധീരയുടെ കാരക്ടർ പോസ്റ്ററാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് മാസ്സ് ലുക്കിലുള്ള പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

Read also: ‘തീ പിടിച്ച വെള്ളം’; ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയ കണ്ടെത്തലിന് പിന്നിൽ

കന്നഡയിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന വിശേഷണത്തോടെയാണ് കെജിഎഫ് വരുന്നത്. ഏകദേശം രണ്ടുവർഷം കൊണ്ട് പൂർത്തീകരിച്ച സിനിമ രണ്ടു ഭാഗങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. പീരിഡ് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് കെജിഎഫ്. നിരവധി സസ്‌പെൻസും ആകാംഷയും നിറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. തിയേറ്റർ റിലീസായി അടുത്ത വർഷമായിരിക്കും ചിത്രം പ്രേക്ഷകരിലേക്കെത്തുക.

Read also: നിറം മാറി തടാകം; ഗുരുതര പരിസ്ഥിതി പ്രശ്‌നമെന്ന് ഗവേഷകർ

Story Highlights: Sanjay Dutt look goes viral in KGF-2