ഡി മരിയോ മാലാഖയായപ്പോള്‍ ഗോള്‍ വര കാത്ത് എമിലിയാനോ മാര്‍ട്ടിനെസ്സും

July 11, 2021
Special story of Emiliano Martinez

ലോകം കാത്തിരുന്ന സ്വപ്ന ഫൈനലിനൊടുവില്‍ ബ്രസീലിനെ പരാജയപ്പെടുത്തി കോപ്പ അമേരിക്ക സ്വന്തമാക്കിയിരിക്കുകയാണ് അര്‍ജന്റീന. ആവേശഭരിതമായ പോരാട്ടത്തില്‍ എയ്ഞ്ചല്‍ ഡി മരിയ നേടിയ ഗംഭീര ഗോളാണ് അര്‍ജന്റീനയെ കോപ്പയിലേക്ക് അടുപ്പിച്ചത്. ലയണല്‍ മെസ്സിയുടെ വീര്യവും ഡി മരിയയുടെ ഗോളും വാഴ്ത്തപ്പെടുമ്പോള്‍ കോപ്പ അമേരിക്ക എന്ന നേട്ടത്തിലേക്ക് അര്‍ജന്റീനയെ എത്തിച്ചതില്‍ കരുത്തായ മറ്റൊരു ഘടകം കൂടിയുണ്ട്. എമിലിയാനോ മാര്‍ച്ചിനെസ്സ് എന്ന ഗോള്‍ കീപ്പര്‍.

ഫൈനലില്‍ സമനിലഗോള്‍ എന്ന നിലയിലേക്ക് ബ്രസീല്‍ തൊടുത്തുവിട്ട പന്ത് തന്റെ കൈക്കുള്ളിലാക്കുന്നതില്‍ തെല്ലും പാളിയില്ല എമിലിയാനോ മാര്‍ട്ടിനെസ്സിന്. കോപ്പാ അമേരിക്കക്കൊടുവില്‍ എമിലിയാനോ മാര്‍ട്ടിനെസ്സ് എന്ന പേരും ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ മുഴങ്ങുകയാണ്. അര്‍ജന്റീനയെ കോപ്പ അമേരിക്കയുടെ വിജയികളാക്കുന്നതില്‍ ഈ ഗോള്‍കീപ്പര്‍ വഹിച്ച പങ്ക് ചെറുതല്ല. കൃത്യമായി ഗോള്‍വര കാക്കുകയായിരുന്നു മത്സരത്തിലുടനീളം അദ്ദേഹം.

Read more: നീലാകാശം പച്ചക്കടൽ വെളുത്ത മണൽ; അത്ഭുതകാഴ്ചകൾ ഒരുക്കിയ ഭൂമിയിലെ മനോഹരയിടം

സെമി ഫൈനലിലും അതിഗംഭീര പെര്‍ഫോമെന്‍സാണ് ഈ 28-കാരന്‍ കാഴ്ചവെച്ചത്. കൊളംബിയക്കെതിരെയായിരുന്നു അര്‍ജന്റീനയുടെ സെമി ഫൈനല്‍ പോരാട്ടം. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിച്ചപ്പോഴും ഇരു ടീമുകളും ഒരു ഗോളിന് സമനിലയില്‍. റഫറി പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് വിസില്‍ മുഴക്കിയപ്പോള്‍ ഒരു പക്ഷെ അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സിയും സമ്മര്‍ദ്ദത്തിലായിരുന്നേക്കാം. എന്നാല്‍ ആ സമ്മര്‍ദ്ദങ്ങളെ ശക്തമായി മറികടക്കാന്‍ എമിലിയാനോ മാര്‍ട്ടിനെസ്സ് എന്ന ഗോള്‍കീപ്പര്‍ക്ക് സാധിച്ചു. സെമി ഫൈനലിലെ അദ്ദേഹത്തിന്റെ ഗംഭീരമായ മൂന്ന് സേവുകള്‍ ഫുട്ബോള്‍ ലോകം ഒരു പക്ഷെ എന്നും ഓര്‍മിക്കും. ഫൈനലില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ ഗോള്‍ വര കാത്ത എമിലായാനോ മാര്‍ട്ടിനെസ്സ് അര്‍ജന്റീനയ്ക്ക് കരുത്തുള്ള സംരക്ഷകനായി.

Story highlights: Special story of Emiliano Martinez