‘അങ്ങ് ആഫ്രിക്കേന്ന് വന്നതാ’; സസ്‌പെന്‍സ് നിറച്ച് ജിബൂട്ടി ട്രെയ്‌ലര്‍

August 30, 2021
Djibouti

സിനിമകള്‍ പ്രേക്ഷകരിലേക്കെത്തും മുന്‍പേ ചിത്രങ്ങളുടേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ടീസറും ട്രെയ്‌ലറുമെല്ലാം ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. ജിബൂട്ടി എന്ന ചിത്രത്തിന്റൈ ട്രെയ്‌ലറും ശ്രദ്ധ നേടുന്നു. ആക്ഷനും പ്രണയവും സസ്‌പെന്‍സുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ടാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ദൃശ്യഭംഗിയിലും ട്രെയ്‌ലര്‍ ഏറെ മികച്ചു നില്‍ക്കുന്നു. എസ് ജെ സിനു കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ജിബൂട്ടി.

ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസറും ഗാനവുമെല്ലാം ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്‌കാരിക മേഖലയില്‍ കൈകോര്‍ക്കുന്ന ചിത്രംകൂടിയാണ് ‘ജിബൂട്ടി’. ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം ആണ് ചിത്രത്തിന്റെ നിര്‍മാണം.

അമിത് ചക്കാലക്കല്‍ ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നു. പഞ്ചാബ് സ്വദേശിനി ശകുന്‍ ജസ്വാള്‍ ആണ് നായിക. കിഷോര്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി, രോഹിത് മഗ്ഗു, അലന്‍സിയര്‍, നസീര്‍ സംക്രാന്തി ഗീത, സുനില്‍ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, ബേബി ജോര്‍ജ്, പൗളി വത്സന്‍, അഞ്ജലി നായര്‍, ജയശ്രീ, ആതിര ഹരികുമാര്‍ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

അഫ്‌സല്‍ കരുനാഗപ്പള്ളിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടേയും ചിത്രീകരണം ആഫ്രിക്കയിലെ ജിബൂട്ടിയില്‍ വെച്ചായിരുന്നു. ടി ഡി ശ്രീനിവാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംജിത് മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Story highlights: Djibouti Official Trailer