ആശ്വാസദിനം; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 15,823 പേര്‍ക്ക്

October 13, 2021
COVID-19 Cases In India

ഇന്ത്യയില്‍ പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകള്‍ കുറയുന്നു. നേരിയ ആശ്വാസം പകരുന്നതാണ് ഈ കണക്കുകള്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 15,823 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്താകെ ഇതുവരെ 3,40,01,743 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 2,07,653 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.

ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 0.61 ശതമാനമാണ് നിലവില്‍ സജീവ രോഗികളുടെ എണ്ണം എന്നതും ആശ്വാസം പകരുന്നു. രോഗമുക്തി നിരക്കിലും വര്‍ധനവുണ്ട്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 22,844 പേരാണ് ഇന്ത്യയില്‍ കൊവിഡില്‍ നിന്നും മുക്തരായത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,33,42,901 ആയി. 98.06 ശതമാനമാണ് നിലവില്‍ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്.

Read more: അലയടിച്ചെത്തുന്ന തിരയിലിരുന്ന് ആസ്വദിച്ച് ഭക്ഷണം കഴിക്കാം; പ്രതികൂല സാഹചര്യത്തെ വിജയമാക്കി മാറ്റി ഒരു റെസ്റ്റോറന്റ്

ഇന്നലെ മാത്രം രാജ്യത്ത് 226 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 4,51,189 പേരുടെ ജീവനാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് കവര്‍ന്നത്. അതേസമയം കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം രാജ്യത്ത് ഫലപ്രദമായ രീതിയില്‍ പുരോഗമിക്കുന്നുണ്ട്. 96.43 കോടി ഡോസ് വാക്‌സിനാണ് രാജ്യത്താകെ ഇതുവരെ വിതരണം ചെയ്തത്.

Story highlights: 15,823 Fresh COVID-19 Cases In India