‘കാർമേഘം മൂടുന്നു…’ ചിത്രയുടെ ആലാപന മാധുര്യത്തിൽ ‘കാവലി’ലെ ഗാനം

November 15, 2021

പാട്ട് പ്രേമികളുടെ ഹൃദയ താളങ്ങൾ കീഴടക്കുകയാണ് ഗായിക ചിത്രയുടെ ശബ്ദത്തിൽ പുറത്തിറങ്ങിയ കാവൽ എന്ന ചിത്രത്തിലെ ഗാനം. കാർമേഘം മൂടുന്നു എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം നൽകിയ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സുരേഷ് ഗോപിയെ നായകനാക്കി നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവൽ. ചിത്രത്തിൽ സുരേഷ് ഗോപി മാസ് റോളിലാണ് എത്തുന്നത്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് തമ്പാൻ എന്നാണ്. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ഈ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നത്. ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിൽ രഞ്ജി പണിക്കർ, സായ ഡേവിഡ്, പദ്മരാജ് രതീഷ്, ബിനു പപ്പു, ഐ എം വിജയൻ, അലൻസിയർ എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രാഹകൻ നിഖിൽ എസ് പ്രവീണാണ്.

Read also: ജയ് ഭീമിലെ സെൻഗിണി, യഥാർത്ഥ ജീവിതത്തിലെ പാർവതിയമ്മയ്ക്ക് പത്ത് ലക്ഷം രൂപയുടെ കരുതലുമായി നടൻ സൂര്യ

അതേസമയം ലോക്ക്ഡൗൺ സമയത്ത് സുരേഷ് ഗോപിയെ നായകനാക്കി മൂന്നു ചിത്രങ്ങളാണ് പ്രഖ്യാപിച്ചത്. മാത്യൂസ് തോമസ് പ്ലാമ്മൂട്ടിൽ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം, ജീം ബൂം ബാ സംവിധായകൻ രാഹുൽ രാമചന്ദ്രനൊരുക്കുന്ന ചിത്രം, മേജർ രവി ഒരുക്കുന്ന സുരേഷ് ഗോപി- ആശ ശരത്ത് ചിത്രം എന്നിവയാണ് അണിയറയിൽ താരത്തിന്റേതായി ഒരുങ്ങുന്നത്.

Story highlights: Kaaval Movie song Kaarmekham Moodunnu