120 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഡിജിറ്റൽ മാപ്പിൽ മുഖം വരച്ച് ആന്റണി- ലോകശ്രദ്ധനേടിയ ജിപിഎസ് ആർട്ട്

November 24, 2021

ചിത്രരചന അല്പം പ്രയാസമുള്ള കാര്യമാണെങ്കിലും സ്വതസിദ്ധമായ കഴിവുകൾ ഉള്ളവർക്ക് താരതമ്യേന എളുപ്പമാണ്. എന്നാൽ GPS ഉപയോഗിച്ച് മാപ്പിൽ ഒരു രൂപം വരയ്ക്കാൻ സാധിക്കുമോ? അങ്ങനെ ചെയ്യണമെങ്കിൽ തന്നെ എത്രമാത്രം യാത്ര ചെയ്യണം, അല്ലേ? എന്നാൽ, 120 കിലോമീറ്റർ സഞ്ചരിച്ച് മാപ്പിൽ മീശക്കാരനായ മനുഷ്യന്റെ മുഖം സൃഷ്ടിച്ചിരിക്കുകയാണ് ആന്റണി ഹെയ്റ്റ് എന്ന വ്യക്തി.

ഒരു മാപ്പിലുള്ള വിവിധ സ്ഥലങ്ങളിലേക്ക് വാഹനത്തിൽ യാത്ര ചെയ്ത് ഒരു ഡിജിറ്റൽ മാപ്പിൽ പാറ്റേണുകളും ചിഹ്നങ്ങളും ഡിസൈനുകളും സൃഷ്ടിക്കുന്ന സാങ്കേതികതയാണ് ജിപിഎസ് ആർട്ട് എന്ന് പറയപ്പെടുന്നത്. അതാണ് ആന്റണി ഹെയ്റ്റ് സൃഷ്ടിച്ചത്.

പലരും ഇങ്ങനെ മാപ്പിൽ കലാസൃഷ്‌ടി സൃഷ്‌ടിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ചില പ്രതിഭാധനരായ ആളുകൾക്ക് മാത്രമേ ഇത്രയും വ്യക്തമായ രീതിയിൽ ഒരു ചിത്രം ഒരുക്കാൻ സാധിച്ചിട്ടുള്ളു. മുൻപും ആന്റണി ഹെയ്റ്റ് ഇങ്ങനെ രൂപങ്ങൾ സൃഷ്ടിച്ചിരുന്നു. 2019-ൽ, ഭൂപടത്തിൽ ഒരു റെയിൻഡിയറിന്റെ ചിത്രം സൃഷ്‌ടിക്കാൻ ഒരു ജിപിഎസ് ട്രാക്കർ ഉപയോഗിച്ച് നോർത്ത് ലണ്ടനിലെ തെരുവുകളിൽ ഒമ്പത് മണിക്കൂർ സൈക്കിൾ ചവിട്ടിയിരുന്നു. 2020 ൽ അതേ മാപ്പിൽ ‘മെറി ക്രിസ്മസ്’ എന്ന ക്രിസ്തുമസ് ആശംസയും അദ്ദേഹം ഒരുക്കി.

read More: പത്തുമണിക്കൂറെടുത്ത് മോഹൻലാൽ ആരാധകന്റെ കൈയിൽ കുൽദീപ് ഒരുക്കിയ മരക്കാർ ടാറ്റൂ- മികവിന് കൈയടി

പെഡലിംഗ് പിക്കാസോ എന്നാണ് ഇദ്ദേഹം ഇപ്പോൾ അറിയപ്പെടുന്നത്. എന്തായാലും ലണ്ടനിൽ ഉടനീളം 120 കിലോമീറ്റർ സൈക്കിൾ ചവിട്ടി അദ്ദേഹം സൃഷ്ടിച്ച മീശക്കാരന്റെ മുഖം ലോകശ്രദ്ധ ആകര്ഷിച്ചിരിക്കുകയാണ്. പുരുഷന്മാരുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായാണ് ആന്റണി തന്റെ പുതിയ ചിത്രം സമർപ്പിച്ചിരിക്കുന്നത്. 53-കാരനായ ആന്റണി ഇപ്പോൾ ലോകപ്രസിദ്ധനാണ് തന്റെ രചനകളിലൂടെ.

Story highlights- Man draws moustached man on map by cycling 120 km