5 നിലയിലൊരുങ്ങുന്ന അമ്മ ആസ്ഥാന മന്ദിര നിർമാണ പ്രവർത്തനങ്ങൾക്ക് തിരികൊളുത്തി മോഹൻലാൽ

അഞ്ചു നിലകളിൽ ഒരുങ്ങുന്ന  അമ്മ അസോസിയേഷൻ ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നടനും അമ്മ സംഘടന പ്രസിഡന്റുമായ മോഹൻലാൽ തിരികൊളുത്തി നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

വർഷങ്ങളായി അമ്മ സംഘടനയുടെ പ്രവർത്തനങ്ങൾ ഏതെങ്കിലും ഹോട്ടൽ കോൺഫറൻസ് ഹാളിലായിരുന്നു നടന്നുപോന്നിരുന്നത്. താര രാവുകൾക്കും അമ്മ അസ്സോസിയേഷൻ ആഘോഷ പരിപാടികൾക്കും താരങ്ങൾ പ്രാക്റ്റീസ് നടത്തിയിരുന്നതും ഹോട്ടലുകളിൽ ആയിരുന്നു.

അഞ്ചു നിലകളിൽ വിപുലമായി ഒരുങ്ങുന്ന കെട്ടിടം ഇത്തരം സൗകര്യങ്ങൾ കൂടി കണക്കിലെടുത്താണ് ഉയരുന്നത്. 6 മാസത്തെ സമയപരിധിയിൽ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി. എറണാകുളം കലൂരാണ് കെട്ടിടം ഉയരുന്നത്.

Read More:അമ്പിളി ദേവിക്ക് ആൺകുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് ആദിത്യൻ

അമ്മ സംഘടനാ അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ വിപുലമായി നടത്തനാണ് ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നതെന്നു മോഹൻലാൽ പറഞ്ഞിരുന്നു. വലിയ ആഘോഷ പരിപാടികളോടെ മന്ദിരത്തിൻറെ ഉദ്‌ഘാടനം നടത്താനാണ് സംഘാടകരുടെ തീരുമാനം.

‘ഈ സ്നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്, ഈ സ്നേഹമാണെന്റെ ഊർജം’ ഹൃദയം തൊടുന്ന കുറിപ്പുമായി എറണാകുളം ജില്ലാ കളക്‌ടർ

മഹാദുരന്തത്തെ മനക്കരുത്തുകൊണ്ട് നേരിടുകയാണ് കേരളക്കര… മഴക്കെടുതിയിൽ അകപെട്ടവർക്ക് സഹായ ഹസ്തവുമായി നിരവധിയാളുകളാണ് ഈ ദിവസങ്ങളിൽ എത്തുന്നത്. രണ്ടര ലക്ഷത്തിലധികം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. എറണാകുളത്തെ ഒരു ദുരിതാശ്വാസ ക്യാമ്പിൽ എത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് ജില്ലാ കളക്ടര്‍ എസ് സുഹാസ്.

കളക്ടറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

ഈ സ്നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്, ഈ സ്നേഹമാണെന്റെ ഊർജം .

ഏകദേശം മൂന്നു മണിയോടെയാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലയിലെ തന്നെ വലിയ ക്യാമ്പുകളിൽ ഒന്നായ ഏലൂരിലെ FACT ടൗണ്ഷിപ് സ്കൂളിൽ എത്തിയത് . വില്ലജ് ഓഫീസറുടെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ മികച്ച സേവനമാണ് ഇവിടെ നൽകുന്നതെന്നു മനസിലാക്കി.

ക്യാമ്പിലുള്ളവരോടെല്ലാം സംസാരിക്കുവാനും സൗകര്യങ്ങെളെപ്പറ്റി അന്വേഷിക്കാനും ശ്രമിച്ചപ്പോളാണ് ഈ വിഷമങ്ങൾക്കിടയിലും ഞാൻ ഭക്ഷണം കഴിച്ചോ എന്ന് ഒരമ്മ ചോദിച്ചത്, ഇല്ലാ എന്ന് കൂടെയുള്ള സ്റ്റാഫ് പറഞ്ഞതും ഭക്ഷണം കഴിച്ചിട്ട് പോകാമെന്നായി, ആ സമയം കൊണ്ട് ഒരു ക്യാമ്പുകൂടി സന്ദർശിക്കാമെന്നു പറഞ്ഞപ്പോൾ ഇങ്ങനെ ഓടി നടക്കാൻ ഭക്ഷണം വേണം എന്ന് പറഞ്ഞു ഒരു ചേച്ചി ഭക്ഷണവുമായി എത്തി. ഈ സ്നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്, ഈ സ്നേഹമാണെന്റെ ഊർജം . ഈ സ്നേഹം നിങ്ങളോടു പങ്കുവെച്ചില്ലെങ്കിൽ മര്യാദ അല്ല എന്ന് തോന്നി.

മഴയൊന്നു മാറി ഇവർ സ്വന്തം വീടുകളിൽ എത്തി സമാധാനമായി ഉറങ്ങുന്ന ദിവസത്തിനായി ഞാനും കാത്തിരിക്കുന്നു.

നിശബ്ദതയിലും വാചാലമാകുന്ന കൊച്ചിയിലെ ചില രാത്രി യാത്രകൾ

രാത്രികൾക്ക് ഒരു പ്രത്യേക ഭംഗിയാണ്. നിലാവിന്റെ ചെറുവെളിച്ചത്തിൽ ആകാശത്തെ നക്ഷത്രങ്ങളെപോലെ അങ്ങിങ്ങായി ഉയർന്നുനിൽക്കുന്ന കെട്ടിടസമുച്ചയങ്ങളും, രാത്രിയുടെ നിശബ്ദതയിലും വാചാലനാകുന്ന റോഡുകളും, കൊച്ചിയുടെ സൗന്ദര്യം വിളിച്ചോതുന്ന കായലുകളും മാളുകളും കെട്ടിടങ്ങളുമെല്ലാം ഇവിടെത്തുന്ന ഓരോ യാത്രക്കാരോടും  കൊച്ചിയുടെ പഴമയും പാരമ്പര്യവും വളർച്ചയുമെല്ലാം പറയാതെ പറയുന്നുണ്ട്. കൊച്ചിയുടെ ഭംഗി തൊട്ടറിയണമെങ്കിൽ രാത്രി യാത്രകൾ തന്നെ വേണം. കൊച്ചിയുടെ ഭംഗിയും രൂപവും ഭാവവുമെല്ലാം അടുത്തറിയാനും രാത്രിയേക്കാൾ മികച്ചൊരു സമയമില്ല. പകലിന്റെ തിരക്കും വേനലിന്റെ ചൂടുമെല്ലാം കെട്ടടങ്ങുന്ന രാത്രിയിൽ ഒരു പ്രത്യേക രൂപവും ഭാവവുമൊക്കെയാണ് ഈ സിറ്റിയ്ക്ക്.

കാവ്യാത്മകമായി പറഞ്ഞാൽ  കണ്ണുകളിൽ പ്രണയവും ചുണ്ടുകളിൽ സ്നേഹവുമായി നിൽക്കുന്ന ഒരു സുന്ദരിയെപോലെ…കൊച്ചിയിൽ വന്നിറങ്ങുന്ന ഓരോ അതിഥികളും   കൊച്ചിക്കാർക്ക് പ്രിയപ്പെട്ടവരാണ്. ഇവിടെ കാലുകുത്തുന്ന ഒരു സഞ്ചാരിയ്ക്ക് മുന്നിലും ഇനി എവിടെ പോകും എന്ന്  സംശയം വരാറില്ല.. പകരം ആദ്യം എവിടേക്ക് എന്നതു മാത്രമായിരിക്കും ചിന്ത. അത്രമാത്രം മനോഹര സ്ഥലങ്ങളുണ്ട് ഈ കൊച്ചു നഗരത്തിൽ. മറൈൻ ഡ്രൈവ്, ഫോർട്ട് കൊച്ചി, സുബാഷ് പാർക്ക്, ബോട്ട് ജെട്ടി, മംഗള വനം അങ്ങനെ കൊച്ചിയുടെ ഹൃദയ ഭാഗത്തോട് ചേർന്ന് നില്ക്കുന്ന ഒരുപാട് സ്ഥലങ്ങൾക്കൊപ്പം കൊച്ചിയുടെ ഉൾഭാഗങ്ങളിലും പ്രകൃതി സുന്ദരിയായും ഒപ്പം ഗ്ലാമറസായുമൊക്കെ നിൽക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്.

Read also: രുചികൊണ്ട് മാന്ത്രികം സൃഷ്ടിക്കുന്ന കൊച്ചിയിലെ ചില ഭക്ഷണശാലകൾ

കൊച്ചിയിലെ സുന്ദര രാത്രികൾക്കിടയിൽ ചിലപ്പോഴൊക്കെ സൗഹൃദങ്ങളുടെ  ഇടയിലേക്കും പ്രണയിനികളുടെ ഇടയിലേക്കും വിളിക്കാതെ വരുന്ന വിരുന്നു കാരികളാണ് കൊതുകുകൾ. കൊതുകിന്റെ ഈ ആക്രമണമൊഴിച്ചാൽ കൊച്ചിയിലെ രാത്രികൾ സുന്ദരമാണ്. ചിലപ്പോഴൊക്കെ പ്രണയിനിയെപോലെയും, ചിലപ്പോഴൊക്കെ പ്രിയ സുഹൃത്തിനെപോലെയും കൊച്ചിയുടെ സൗന്ദര്യം മനസ്സിൽ നിറഞ്ഞു നിൽക്കും. ഈ നഗരത്തിന്റെ ഓരോ കഥകളുംഇവിടങ്ങളിലെ വഴിവിളക്കുകളിൽ പോലും പ്രതിധ്വനിച്ച് നിൽക്കാറുണ്ട്. കൊച്ചിയിലെ ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്…

രുചികൊണ്ട് മാന്ത്രികം സൃഷ്ടിക്കുന്ന കൊച്ചിയിലെ ചില ഭക്ഷണശാലകൾ

കട്ടൻ കാപ്പി മുതൽ കപ്പ ബിരിയാണി വരെ…ചുട്ട മീൻ മുതൽ  മുളകിട്ടു വഴറ്റിയ നല്ല നാടൻ മീൻ കറി വരെ…സാധാ ദോശ മുതൽ മസാല ദോശ വരെ… അമ്മൂമ്മ ചിക്കൻ മുതൽ അൽഫാം വരെ…. ഇങ്ങനെ കഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാ വിഭവങ്ങളും ലഭ്യമാകുന്ന കൊച്ചിയിലെ റെസ്റ്റോറന്റുകൾ തേടി ഇറങ്ങുന്ന നിരവധി ഭക്ഷണ പ്രേമികളെ രാത്രികാലങ്ങളിൽ കൊച്ചിയുടെ തെരുവുകളിൽ കാണാറുണ്ട്…

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള മനുഷ്യരെ കണ്ടെത്താറുള്ള  കൊച്ചിയിൽ ലഭ്യമല്ലാത്ത വിഭവങ്ങൾ ഒന്നുമില്ല.. പകൽ സമയത്തെ ജോലിത്തിരക്കുകൾക്ക് ശേഷം രുചിതേടിയുള്ള യാത്രകൾ മിക്കപ്പോഴും കൊച്ചിക്കാരെ ചെന്നെത്തിക്കുന്നത് രാത്രിക്ക് ഭംഗിയും രുചിയും കൂട്ടി അവിടിവിടങ്ങളിലായി കണ്ടുവരുന്ന തട്ടുകടകൾക്ക് മുന്നിലാണ്.

ചില റെസ്റ്റോറന്റിലേക്കുള്ള ആളുകളുടെ ഒഴുക്കിനും ഒരേയൊരു  കാരണം  മാത്രമേയുള്ളു..അത് മറ്റൊന്നുമല്ല നാവിൽ കൊതിയുണർത്തുന്ന രുചി തന്നെ…  കൊതിയൂറുന്ന എണ്ണിയാൽ ഒതുങ്ങാത്ത വിഭവങ്ങളുമായി കൊച്ചിയുടെ സൗന്ദര്യം വിളിച്ചോതുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന രുചികൊണ്ട് മാന്ത്രികം സൃഷ്ടിക്കുന്ന ഈ കടകളിലേക്ക് ഒരിക്കൽ പോയാൽ പിന്നീടുള്ള രാത്രികളും സംഗീതവും ഭക്ഷണവുമൊക്കെയായി അവിടെത്തന്നെ കൂടിപോകും.

പ്രായഭേദമന്യേ എല്ലാവരും ഒരേ അഭിപ്രായം പറയുന്ന, മികച്ച ഭക്ഷണം, ചെറിയ നിരക്കിൽ വലിയ സൗകര്യത്തോടെ ലഭ്യമാകുന്ന ഒരുപാട്  റെസ്റ്റോറന്റുകളും തട്ടുകടകളുമുണ്ട് കൊച്ചിയിൽ.

വിളമ്പുന്നവന്റെ സ്നേഹമാണ് കഴിക്കുന്നവന്റെ വയർ നിറയ്ക്കുന്നത് എന്ന് പഴമക്കാർ പറയാറുണ്ട്. വീട്ടിലെ ഊണും, പുട്ടും കട്ടനും, അടുപ്പും, ബിന്നമ്മാസും, ഊട്ടുപുരയും, ദോശക്കടയും, പപ്പടവടയും, ടേസ്റ്റി ബഡ്സുമെല്ലാം ഇത്തരത്തിൽ വയറിനൊപ്പം മനസും നിറയ്ക്കുന്ന കൊച്ചിയിലെ ഭക്ഷണ ശാലകളാണ്….

Read also:തൊഴിൽ എന്തുമാകട്ടെ.., തൊഴിലാളി ബംഗാളിയോ, മലയാളിയോ, ആരുമാകട്ടെ…അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടവ തന്നെ…

ഇവിടുത്തെ സ്ഥിരം താമസക്കാർ മാത്രമല്ല  ആദ്യമായി കൊച്ചികാണാൻ ഇവിടെ കാലുകുത്തുന്നവന്റെ വരെ മനസിൽ രുചിയുടെ വാദ്യമേളം സൃഷ്ടിക്കുന്ന  ഒരുപാട് ഭക്ഷണ ശാലകൾ ഉണ്ട് ഇനിയും കൊച്ചിയിൽ.. നാവിൽ രുചിയുണർത്തുന്ന ഭക്ഷണശാലകൾ തേടി നമുക്കും ഇറങ്ങാം ഇനി ഒരുമിച്ച്….

കൊച്ചി പനമ്പള്ളി നഗറിൽ വൻ തീപിടുത്തം…

കൊച്ചി പനമ്പള്ളി നഗറിൽ തീപിടുത്തം. സൗത്ത് റെയിൽ വേ സ്റ്റേഷന് സമീപത്തുള്ള പാരഗൺ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ ആളപായമില്ല. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്…

 

അല്ലുവിന് ഉജ്ജ്വല സ്വീകരണമൊരുക്കി കേരളക്കര; ആരാധക സ്നേഹത്തിൽ അമ്പരന്ന് താരം, വീഡിയോ കാണാം

നെഹ്‌റു ട്രോഫി വള്ളം കളിക്ക് ആവേശം പകരാൻ കേരളത്തിലെത്തിയ തെന്നിന്ത്യൻ താരം അല്ലു അർജുന് വമ്പൻ സ്വീകരണം നൽകി കേരളക്കര. ഭാര്യ സ്നേഹ റെഡിക്കൊപ്പം കൊച്ചി എയർപോർട്ടിൽ എത്തിയ അല്ലുവിനെ സ്വീകരിക്കാൻ വലിയ ജനക്കൂട്ടമാണ് എത്തിയത്. ആയിരത്തിലധികം ആളുകൾ തടിച്ചുകൂടിയത് കണ്ട് താരങ്ങളും അമ്പരന്നു. അല്ലുവിന്റെ ഫ്ലെക്സുകളും കാർഡുകൾക്കുമൊപ്പം താരത്തിന് വലിയ ജയ് വിളികളും കൊച്ചി എയർപോർട്ടിൽ ഉയർന്നുകേട്ടു.

66 -മത് നെഹ്‌റു ട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായാണ് അല്ലു എത്തിയത്. അല്ലുവിനൊപ്പം കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.  വള്ളംകളിയ്ക്ക് മുഖ്യാതിഥിയായി സച്ചില്‍ ടെന്‍ഡുല്‍ക്കറെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ സച്ചിന്‍ പിന്മാറിയതിനാല്‍ അല്ലു അര്‍ജുന് നറുക്ക് വീഴുകയായിരുന്നു.

പ്രളയം വലച്ചെങ്കിലും കേരള പൈതൃകത്തിന്റെയും ടൂറിസത്തിന്റെയും മുഖമായ നെഹ്റു ട്രോഫി വള്ളം കളി ആഘോഷമായി തന്നെ നടത്താന്‍ അധികൃതർ തീരുമാനമാകുകയായിരുന്നു.

പ്രളയക്കെടുതി: ധനശേഖരണത്തിനായി കൊച്ചിയില്‍ ഫുട്‌ബോള്‍ മത്സരം

മഹാപ്രളയം ഉലച്ച പ്രളയത്തില്‍ നിന്നും കരകയറാനുള്ള പരിശ്രമത്തിലാണ് കേരളം. നിരവധി പേരാണ് കേരളത്തിന്റെ അതിജീവനത്തിനായി സഹായഹസ്തങ്ങള്‍ നീട്ടുന്നത്. പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്നതിന് ധനശേഖരണം നടത്തുന്നതിനായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിന് കൊച്ചി വേദിയാകും. ഇതിനുപുറമെ ധനശേഖരണത്തിനായി തിരുവനന്തപുരത്ത് പ്രത്യക ക്രിക്കറ്റ് മത്സരവും സംഘടിപ്പിക്കും. ഇന്ത്യയും മറ്റൊരു രാജ്യവുമായിട്ടായിരിക്കും മത്സരം സംഘടിപ്പിക്കുക.

ഈ വര്‍ഷം ഡിസംബറിന് മുമ്പ് മത്സരം സംഘടിപ്പിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. വിവിധ രാജ്യങ്ങളുമായുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും മത്സരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ 2018 സീസണ്‍ ക്യാമ്പയിന്‍ ലോഞ്ച് ചടങ്ങിനിടെയാണ് ധനസമാഹരണത്തിനായി നടത്തുന്ന ഫുട്‌ബോള്‍ മത്സരത്തെക്കുറിച്ച് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കിയത്.

മത്സരം സംബന്ധിച്ച ചര്‍ച്ചയുടെ പ്രാരംഭഘട്ടം മാത്രമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ മത്സരിക്കുന്ന രാജ്യവും തീയതിയും പിന്നീടായിരിക്കും തീരുമാനിക്കുക. പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്നതിനായി നിരവധി സംഘടനകളും വ്യക്തികളും കേരളത്തിന് സഹായം നല്‍കുന്നുണ്ട്.

പ്രളയ ജലത്തിന് മീതെ നിറങ്ങളൊഴുക്കി ‘കലാകാർ’വീണ്ടും …

കേരളം നേരിട്ട മഹാപ്രളയത്തിൽ നിന്നും അതിജീവനത്തിന്റെ കരം പിടിച്ച് മുന്നേറിക്കൊണ്ടിരിക്കുയാണ് കേരള ജനത. മഹാദുരന്തത്തിൽ നിന്നും ഉയർത്തെഴുന്നേറ്റുകൊണ്ടിരിക്കുന്ന കേരളത്തിന്  ചെറുതും വലുതുമായ ഒരുപാട് സഹായവുമായി നിരവധിയാളുകളാണ് ദിവസേന എത്തുന്നത്. ഇത്തരത്തിൽ കേരളത്തിന് സഹായഹസ്തവുമായി എത്തുകയാണ് ‘കലാകാർ’ എന്ന സംഘടന.

പ്രളയ ജലത്തിന് മീതെ നിറങ്ങളൊഴുക്കി ഒരുപാട് കലാകാരന്മാർ ലളിതകലാ അക്കാദമിയുമായി ചേർന്ന് എറണാകുളത്തെ ദർബാർ ഹാളിൽ എത്തിയിരുന്നു. ഇവർ എല്ലാവരും ഒരുമിച്ച് ചേർന്ന് ഒരുക്കിയ പരിപാടിയിൽ നിരവധി കലാകാരന്മാരാണ് എത്തിയത്. ഇത്തരത്തിൽ വീണ്ടും ചിത്രങ്ങളുടെ പ്രദർശനം ഒരുക്കുകയാണ് കോഴിക്കോട്. കേരളം നേരിട്ട പ്രളയക്കയത്തിൽ തങ്ങളാൽ കഴിയുന്ന രീതിയിലുള്ള എല്ലാ സഹായവുമായി നിരവധി ആളുകൾ എത്തിയിരുന്നു. ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം എത്തിക്കുക, വീടുകളും മറ്റും വൃത്തിയാക്കുക. തുടങ്ങി പ്രളയക്കയത്തിൽ അകപ്പെട്ടവർക്ക് എല്ലാ രീതിയിലുള്ള സഹായത്തിനും കലാകാരന്മാർ എത്തിയിരുന്നു.

അതേസമയം തങ്ങളാൽ കഴിയുന്ന രീതിയിലുള്ള  സഹായവുമായി എത്തിയ കലാകാരന്മാരുടെ സൃഷ്ടികൾ വീണ്ടും പ്രദർശനത്തിന് എത്തുകയാണ്. യാതൊരുതരത്തിലുള്ള ലാഭേച്ചയുമില്ലാതെ കലാകാരന്മാർ ഒത്തുചേരുന്ന ഈ പരുപാടിയിൽ കേരളത്തിലെ വടക്കൻ ജില്ലകളിലെ കലാകാരന്മാരുടെ സൃഷ്‌ടികൾ ഒത്തുചേർന്നുകൊണ്ടുള്ള പ്രദർശനത്തിൽ നിന്നു ലഭിക്കുന്ന വരുമാനം കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് കലാകാരന്മാരുടെ തീരുമാനം. കൊച്ചിയിൽ നടത്തിയ പ്രദർശനത്തിൽ നിന്നും 6,60,500 രൂപ ലഭിച്ചിരുന്നു. ഈ മാസം 10 മുതൽ 17 വരെ കോഴിക്കോട് നടത്തപ്പെടുന്ന പ്രദർശനത്തിൽ നിന്നും മികച്ച വരുമാനം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് കലാകാർ സംഘടന.