2018-ലെ മറക്കാനാവാത്ത ചില സിനിമകളിലൂടെ ഒരു യാത്ര..

December 29, 2018

‘2018’- മലയാള സിനിമ മേഖല ഏറ്റവും അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചുനിന്ന വർഷം..നിരവധി നല്ല സിനിമകൾക്കും നവാഗത സംവിധായർക്കും പുതുമുഖങ്ങൾക്കും ഒരുപാട് അവസരങ്ങൾ ലഭിച്ച വർഷം. ഗോവ ഫിലിം ഫെസ്റ്റിവൽ (ഐ എഫ് എഫ് ഐ ), അന്താരാഷ്ട ചലച്ചിത്ര മേള ( ഐ എഫ് എഫ് കെ ) എന്നിവിടങ്ങളിൽ മലയാള സിനിമ അഭിമാനപൂർവം  നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ വർഷം….

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘മായാനദി’ തുടങ്ങിയ ചുരുക്കം ചില ചിത്രങ്ങൾ 2017 നെ ഓർമ്മിപ്പിക്കുമ്പോൾ 2018 ന്റെ കണക്കു പുസ്തകങ്ങളിൽ മികച്ച സിനിമകളായി നിരവധി ചിത്രങ്ങളാണ് എഴുതിച്ചേർക്കപ്പെട്ടത്..ഈ വർഷം പുറത്തിറങ്ങിയ ഈ മ യൗ, പോലെയുള്ള ചിത്രങ്ങൾ മലയാള സിനിമ മേഖലയ്ക്ക് സമ്മാനിച്ചത് മികച്ച സംവിധായകനെയും നടനെയും മാത്രമല്ല ഒരു നാടിൻറെ സംസ്ക്കാരവും ജീവിതവും കൂടിയാണ്..

2018 നെ ഓർപ്പെടുത്തുന്ന ചിത്രങ്ങളിലൂടെ….

2018 പോയിമറയുമ്പോൾ 2019 ൽ നിരവധി ചിത്രങ്ങളാണ് മലയാള സിനിമ പ്രേമികൾ കാത്തിരിക്കുന്നത്..2018 ഓർമ്മയുടെ പുസ്തകത്തിലേക്ക് സ്ഥാനം തേടുമ്പോൾ 2018 നെ മികച്ചതാക്കി നിർത്തിയ നിരവധി ചിത്രങ്ങളുണ്ട്. പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ മാത്രമല്ല, മികച്ച കളക്ഷൻ നേടിയ ചിത്രവും, ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രവും, മികച്ച താരങ്ങളുടെ തിരിച്ചുവരവ് അറിയിച്ച ചിത്രങ്ങളും, പ്രമുഖരുടെ ജീവിത കഥ പറഞ്ഞ ചിത്രവുമെല്ലാം മലയാള സിനിമയെ വേറിട്ടതാക്കി നിർത്തി. 2018 നെ അവിസ്മരനീയമാക്കിയ ചില ചിത്രങ്ങൾ കാണാം..

ഈ മ യൗ

ലിജോ ജോസ് പല്ലിശേരി എന്ന സംവിധായകന്റെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഒരു ചിത്രം കൂടി എഴുതിച്ചേർക്കപെട്ടപ്പോൾ മലയാള സിനിമ ലോകത്തിന് ലഭിച്ചത് അഭിമാനത്തിന്റെ ഒരു പൊൻതൂവൽ കൂടിയായിരുന്നു. 49-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും മലയാള സിനിമ അഭിമാന നേട്ടം കൊയ്തിരുന്നു. മികച്ച നടനും മികച്ച സംവിധായകനുമുള്ള രണ്ട് പുരസ്‌കാരങ്ങളാണ് മലയാളസിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ചെമ്പന്‍ വിനോദാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ മ യൗ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള രജത മയൂര പുരസ്‌കാരവും സ്വന്തമാക്കി. ഇത് ആദ്യമായാണ് മലയാള സിനിമയ്ക്ക് ഒന്നിലധികം പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത്.

അതോടൊപ്പം 23ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലും മലയാള സിനിമ തിളങ്ങി നിന്നത് ഈ ചിത്രത്തിലൂടെത്തന്നെയായിരുന്നു.. മികച്ച സംവിധായകനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശേരി കരസ്ഥമാക്കി. ‘ഈ മ യൗ’ എന്ന ചിത്രത്തിന്റെ സംവിധാന മികവിനാണ് പുരസ്കാരം പെല്ലിശ്ശേരിയെ തേടിയെത്തടിയത്.

സുഡാനി ഫ്രം നൈജീരിയ 

മലപ്പുറത്തിന്റെ ഫുട്ബോൾ ആവേശം പശ്ചാത്തലമാക്കി നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. നൈജീരിയൻ സ്വദേശി സാമുവേല്‍ ആബിയോളയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സൗബിൻ ഷാഹിറും മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

മലയാള സിനിമാ ആസ്വാദകരുടെ മനസില്‍ കണ്ണീരിന്റെ ഒരല്പം നനവ് ബാക്കി വെച്ചാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍ നൈജീരിയിലേക്ക് മടങ്ങിയത്. ‘സുഡുമോന്‍’ എന്ന ഓമനപ്പേരിലാണ് ഈ നൈജീരിയന്‍ താരം ഇന്നും മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കാന്‍ കഴിഞ്ഞ താരമാണ് സാമുവൽ..

ഈ മ യൗവിനൊപ്പം ചലച്ചിത്രമേളകളിൽ നിറഞ്ഞു നിന്ന ചിത്രമാണ് സുഡാനിയും. 23ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രം.

ജോസഫ്

അധികം ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ വന്ന് സിനിമ പ്രേമികൾക്കിടയിൽ തരംഗം സൃഷ്ടിച്ച ചിത്രമാണ് ജോജു ജോർജിനെ നായകനാക്കി എം പത്മകുമാർ ഒരുക്കിയ ജോസഫ്. ഒരു ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ കയറിയ ജോജു ആദ്യമായി നായക വേഷത്തിൽ എത്തിയ ചിത്രം കൂടിയാണ് ജോസഫ്. ‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഷീഹി കബീറിന്റേതാണ് തിരക്കഥ. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം.

ഞാൻ പ്രകാശൻ 

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ വിരിഞ്ഞ പുതിയ ചിത്രം ഞാൻ പ്രകാശൻ ഇരുകൈകളും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്.

ചിത്രത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ ഹിറ്റായിരുന്നു. മണിക്കൂറുകൾ കൊണ്ട് പത്തു ലക്ഷം കാണികളെ നേടിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൽ ഗാനങ്ങളും പോസ്റ്ററുകളും വരെ സൂപ്പർഹിറ്റായ ചിത്രമാണ് ഞാൻ പ്രകാശൻ. ഇന്ത്യൻ പ്രണയ കഥക്ക് ശേഷം ഫഹദ് സത്യൻ അന്തികാട് ടീം ഒന്നിക്കുന്ന ചിത്രമാണ് ഞാൻ പ്രകാശൻ.

ഗസറ്റിൽ പരസ്യം ചെയ്ത് പേര് മാറ്റിയ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രകാശൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പി ആർ ആകാശ് എന്ന പേര് പ്രകാശ് എന്ന് മാറ്റുന്ന ചെറുപ്പകാരനിലൂടെയാണ് കഥ നീങ്ങുന്നത്. അതുകൊണ്ടുതന്നെ 2018 ലെ മികച്ച മലയാള ചിത്രങ്ങളുടെ കൂടെ സ്വർണലിപിയിൽ എഴുതിച്ചേർക്കപെട്ട ഒരു ചിത്രം കൂടിയാണ് ഞാൻ പ്രകാശൻ എന്നതിൽ സംശയമില്ല.

കായംകുളം കൊച്ചുണ്ണി

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്‌റൂസ് സംവിധാനം ചെയ്ത ചിത്രമാണ് കായംകുളം കൊച്ചുണ്ണി. മലയാള സിനിമയുടെ ബോക്സ്ഓഫീസ് ചരിത്രത്തില്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുന്ന രണ്ടാമത്തെ ചിത്രമാണ് കായംകുളം കൊച്ചുണ്ണി.  364 തീയറ്ററുകളിലായി 1700 പ്രദര്‍ശനങ്ങളാണ് ആദ്യദിവസം നടന്നത്. ചിത്രം റിലീസ് ചെയ്ത് 25 ദിവസം പിന്നിട്ടപ്പോൾ 70 കോടി കളക്ഷനാണ് ചിത്രം നേടിയത്.

നിവിന്‍പോളിയും മോഹന്‍ലാലും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കായംകുളം കൊച്ചുണ്ണിക്കുണ്ട്. മലയാള സിനിമയില്‍ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത പ്രൊവിസ് എന്ന നൂതന ആശയമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

വരത്തൻ 

ഇയ്യോബിന്റെ പുസ്തക’ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രമാണ് ‘വരത്തൻ’. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിൽ നായികയായി എത്തിയത് ഐശ്വര്യ ലക്ഷ്മിയാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

കൂടെ 

നാല് വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട നസ്രിയ സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയ അഞ്ചലി മേനോൻ ചിത്രം ‘കൂടെ’ ഇരുകൈകളും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്.

പൃഥ്വിരാജ് നായക വേഷത്തിലെത്തുന്ന ചിത്രത്തിൽ പാർവ്വതിയും നസ്രിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. വിവാഹ ശേഷമുള്ള നസ്രിയയുടെ ആദ്യ ചിത്രമാണിത്. സിനിമയിൽ പൃഥ്വിരാജിന്റെ സഹോദരിയായാണ്‌ നസ്രിയ എത്തുന്നത്. രഞ്ജിത്, മാലാപർവതി എന്നിവരാണ് ഇരുവരുടെയും മാതാപിതാക്കളായി എത്തുന്നത്. ചിത്രത്തിൽ നസ്രിയയുടെ കാമുകനായി റോഷൻ മാത്യുവും വേഷമിടുന്നുണ്ട്. കാമുകനായും സഹോദരനായും ചിത്രത്തിൽ വേഷമിടുന്ന പൃഥ്വിരാജിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്.

ക്യാപ്റ്റൻ

ഇന്ത്യൻ ഫുട്ബോളിന് കേരളം നൽകിയ ഇതിഹാസ തുല്യനായ കാൽപ്പന്തുകളിക്കാരൻ  വി പി സത്യന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ക്യാപ്റ്റൻ, ജയസൂര്യയെ മുഖ്യകഥാപാത്രമാക്കി ഒരുക്കിയ ചിത്രം നിറഞ്ഞ സ്വീകാര്യതയോടെയാണ് മലയാളികൾ ഏറ്റെടുത്തത്.

ഫുട്ബോൾ മൈതാനങ്ങളിൽ ചരിത്രം രചിച്ച വിപി സത്യന്റെ മൈതാനത്തിനു പുറത്തുള്ള ജീവിതം വരച്ചിട്ട ചിത്രം സംവിധാനം ചെയ്ത പ്രജേഷ് സെന്നിന്റെ സംവിധാന മികവിന് മലയാള സിനിമ ലോകം നിറഞ്ഞ കയ്യടി നൽകിയ ചിത്രമായിരുന്നു ക്യാപ്റ്റൻ.

അബ്രഹാമിന്റെ സന്തതികൾ 

ഡെറിക്ക് എബ്രഹാം എന്ന പൊലീസുകാരന്റെ വേഷത്തിൽ മമ്മൂട്ടി എത്തി തരംഗം സൃഷ്ടിച്ച ചിത്രമാണ് അബ്രാഹാമിന്റെ സന്തതികൾ. കനിഹ മമ്മൂട്ടിയുടെ നായികയായി എത്തുന്ന ചിത്രത്തിൽ, സിദ്ദിഖ്, രഞ്ജി പണിക്കർ, അൻസൻ പോൾ, തരൂഷി, ശ്യാമപ്രസാദ്, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയ ഫനീഫ് അഥേനിയാണ് ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. നവാഗത സംവിധായകൻ ഷാജി പാടൂർ  സംവിധാനം ചെയ്ത ചിത്രം മികച്ച ജനശ്രദ്ധ നേടിയിരുന്നു.

ഇബ്‌ലീസ് 

ഇബ്‌ലീസ് പൂർണ്ണമായും ഒരു മികച്ച സിനിമ തന്നെയായിരുന്നു. മരണ ശേഷമുള്ള ജീവിതത്തെ അത്രമേൽ മനോഹരമായി സൃഷ്ടിക്കാൻ സംവിധായകൻ രോഹിതിന് സാധിച്ചു എന്നുതന്നെ വേണം പറയാൻ. എന്നാൽ പ്രേക്ഷകർ പൂർണ്ണമായും ചിത്രത്തെ സ്വീകരിക്കാതിരുന്നതിന് പിന്നിൽ പൂർണ്ണമായ വർക്ക് ഔട്ട് ചിത്രത്തിന് വേണ്ടി നടത്താതിരുന്നതാണ് കാരണമെന്ന്  നിരൂപകരിൽ ചിലർ അഭിപ്രായപ്പെട്ടിരുന്നു.

ആസിഫ് അലി നായകനായെത്തിയ  ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ  രോഹിതും സമീർ അബ്ദുലും ചേർന്നാണ്. അൽഫോൺസ് പുത്രന്റെ ‘പ്രേമ’ത്തിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ  മഡോണ സെബാസ്റ്റ്യൻ ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തന്നെ തിരിച്ചെത്തുന്ന ചിത്രമാണ് ഇബ്‌ലീസ്.

തീവണ്ടി 

നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത  ടൊവിനോ തോമസ് ചിത്രം തീവണ്ടി ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. വലിയ കഥാപ്രാധാന്യമില്ലാത്ത  ചിത്രമാണെങ്കിലും ചിത്രത്തിലെ ഗാനങ്ങൾക്കടക്കം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്.

ഞാൻ മേരിക്കുട്ടി 

രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിച്ച ചിത്രം മേരിക്കുട്ടി മലയാള സിനിമ മേഖലയിൽ ഒരു കോളിളക്കം സൃഷ്ടിച്ചിരുന്നു. മേരിക്കുട്ടി എന്ന കേന്ദ്ര കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും ജീവിത യാത്രയുമായാണ് ചിത്രത്തിൽ പ്രമേയമാകുന്നത്. ജയസൂര്യയുടെ ചിത്രത്തിലെ അഭിനയ മികവ് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

പുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രൈണ സ്വഭാവം കൈവരുകയും ചെയ്യുന്ന വ്യക്തി നേരിടുന്ന  വെല്ലുവിളികളും പരിഹാസങ്ങളും ഉൾച്ചേർത്തുകൊണ്ടാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

ഒടിയൻ 

ഈ വർഷം ഏറ്റവും കൂടുതൽ കൊട്ടിഘോഷിക്കപ്പെട്ട ചിത്രമായിരുന്നു ശ്രീകുമാരമേനോന്റെ ഒടിയൻ. എന്നാൽ ചിത്രം റീലിസ് ചെയ്ത ഉടൻ തന്നെ ഏറ്റവും കൂടുതൽ സമ്മിശ്ര പ്രതികരണം ലഭിച്ച മലയാള ചിത്രമാണ് മോഹൻലാൽ നായകനായി എത്തിയ ഒടിയൻ.

മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, പ്രകാശ് രാജ്,സിദ്ദിഖ്, ഇന്നസെന്റ്, നരേൻ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. മധ്യ കേരളത്തിൽ നിലനിന്നിരുന്ന ഒടിവിദ്യയും അതിനോടനുബന്ധിച്ചു വിശ്വസിച്ചു പോന്നിരുന്ന മിത്തുകളെയും പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ഒടിയന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹരികൃഷ്ണനാണ്.

മാസും ക്ലാസും ഒരുമിപ്പിച്ച് ഒടിയൻ എത്തിയപ്പോൾ ആവേശം ഒട്ടും ചോരാതെ മോഹൻലാൽ ഫാൻസ്‌ ചിത്രത്തെ ഏറ്റെടുത്തു. ഭൂതത്തേയോ പ്രേതത്തെയോ പേടിയ്ക്കാത്ത മലയാളികൾക്ക് മുന്നിൽ ഒടിവിദ്യകളുടെ കെട്ടുകഥകളുമായി ശ്രീകുമാരമേനോൻ എത്തിയപ്പോൾ കേരളക്കര ആവേശത്തോടെ ചിത്രത്തെ സ്വീകരിച്ചു. എന്നാൽ പരസ്യ സംവിധാനത്തിൽ നിന്നും സിനിമാ സംവിധായകനിലേക്കുള്ള ശ്രീകുമാർ മേനോന്റെ വളർച്ചയും ചിത്രത്തിനൊപ്പം മലയാളികൾക്കിടയിൽ ചർച്ചയായിരുന്നു.