പ്രോ വോളീബോള്‍ ലീഗ്; കിരീടം സ്വന്തമാക്കി ചെന്നൈ

February 23, 2019

പ്രോ വോളീബോള്‍ ലീഗിലെ ആദ്യ കിരീടം സ്വന്തമാക്കി ചെന്നൈ. കാലിക്കറ്റ് ഹീറോസ് ആയിരുന്നു ഫൈനലില്‍ ചെന്നൈ സ്പാര്‍ട്ടെന്‍സിന്റെ എതിരാളികള്‍. ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് കാലിക്കറ്റ് പരാജയപ്പെട്ടത്. സ്‌കോര്‍ 11-15, 12-15, 14-16.

ലീഗില്‍ തോല്‍വിയറിയാതെ മുന്നേറിയ കോഴിക്കോട് വിജയപ്രതീക്ഷയിലാണ് പോരാട്ടത്തിനിറങ്ങിയത്. സെമിഫൈനലില്‍ മുംബൈയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കോഴിക്കോട് ഫൈനലിലെത്തിയത്. അമേരിക്കന്‍താരം പോള്‍ ലോട്മാനും മലയാളിതാരം അജിത്‌ലാലും അടങ്ങുന്ന കോഴിക്കോട് ടീം വിജയംനേടുമെന്ന പ്രതാക്ഷയിലായിരുന്നു ആരാധകരും. എന്നാല്‍ ഫൈനലില്‍ കോഴിക്കോടിന് പരാജയം ഏറ്റുവാേണ്ടിവന്നു.

കഠിനപ്രയത്‌നത്തിലൂടെ തന്നെയാണ് ചെന്നൈ ഫൈനലില്‍ പ്രവേശിച്ചത്. പ്രാഥമീക റൗണ്ടിലെ അഞ്ച് കളികളില്‍ മൂന്നിലും ചെന്നൈ തോറ്റിരുന്നു. എന്നാല്‍ ലീഗിന്റെ അവസാനഘട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈ ടീം കാഴ്ചവെച്ചത്. സെമി ഫൈനലില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെയാണ് ചെന്നൈ പരാജയപ്പെടുത്തിയത്. സെമിഫൈനലില്‍ പുലര്‍ത്തിയ മികവ് ചെന്നൈ ഫൈനലിലും പുലര്‍ത്തിയതോടെ കിരീടം സ്വന്തമാക്കാന്‍ ടീമിന് സാധിച്ചു.