ഹൃദയംതൊട്ട് ബിജിബാലിന്റെ ഈണം; ഉള്ളുലയ്ക്കും ഈ ഗാനം: വീഡിയോ

March 2, 2019

ബിജിബാലിന്റെ ഈണങ്ങള്‍ പലപ്പോഴും അങ്ങനെയാണ് ആര്‍ദ്രമായ ഒരു നനുത്ത സംഗീതം. ഉള്ളിന്റെ ഉള്ളില്‍ തളംകെട്ടികിടക്കുന്ന ചില വിഷാദങ്ങള്‍ ഇല്ലേ… ഒരു മഴയില്‍ പൊയ്‌തൊഴിഞ്ഞിരുന്നു എങ്കില്‍ എന്ന് അറിയാതെ ആശിച്ചു പോകുന്ന ചില വിഷാദങ്ങള്‍… ഇത്തരം വിഷാദങ്ങള്‍ക്കും ചിലപ്പോള്‍ നോവിന്റെ നനവുള്ള ആര്‍ദ്ര സംഗീതമായിരിക്കും ഇണങ്ങുക. തീയറ്ററുകളില്‍ സമ്മിശ്ര പ്രതികരണത്തോടെ മുന്നേറുന്ന ‘സ്വര്‍ണ്ണ മത്സ്യങ്ങള്‍’ എന്ന ചിത്രത്തിലെ ഇടനെഞ്ചുപിളര്‍ക്കുന്ന ഒരു നോവു ഗീതത്തിന്റെ സംഗീതമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആരംഭത്തില്‍ പറഞ്ഞതുപോലെ ബിജിബാലിന്റെ ആര്‍ദ്ര സംഗീതം.

”മാനം കറുത്തു വരുന്നേ….
മഴ നീറിപിടഞ്ഞു വരുന്നേ….
പാറിമാറിക്കോ പൂമ്പാറ്റേ…
നിന്റെ വര്‍ണ്ണചിറകറ്റുപോകും…
ഈ സ്വര്‍ണ്ണകുറികളും മായും…”

എത്രയോ മനോഹരമായ വരികള്‍. ഒരുവന്റെ ആത്മാവിലേക്ക് ആഴത്തില്‍ വേരൂന്നുവാന്‍ തക്കവണ്ണം ഉറപ്പുള്ള വരികള്‍. ജിഎസ് പ്രതീപിന്റേതാണ് ഈ വരികള്‍. തനതായ ഒരു നാടന്‍ ശീലിലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആലാപനവും ബിജിബാല്‍ തന്നെ.

കാഴ്ചക്കാരന്റെ ഉള്ളുലയ്ക്കുന്ന വിധത്തിലാണ് ഗാനരംഗം ദൃശ്യവല്‍കരിച്ചിരിക്കുന്നതും. ദുഖത്തിന്റെ കരിനിഴല്‍ വീണ ഒരു ആകാശത്തിന്റെ കീഴില്‍ നില്‍ക്കുന്നതുപോലെ കാഴ്ചക്കാരനും തോന്നും. അത്രമേല്‍ ഭാവാര്‍ദ്രമാണ് ഈ ഗാനം. കാര്‍മേഘം നിറഞ്ഞ ആകാശവും വയല്‍വരമ്പും എല്ലാം ഹൃദയം നുറുക്കുന്ന ഒരു ദുഖ വാര്‍ത്ത പറയാന്‍ വെമ്പി നില്‍ക്കുന്നതു പോലെ.

Read more:താന്‍ കണ്ട ഏറ്റവും മികച്ച മലയാള ചിത്രം ‘സുഡാനി ഫ്രം നൈജീരിയ’യാണെന്ന് ഫഹദ് ഫാസില്‍

ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ജിഎസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വര്‍ണമത്സ്യങ്ങള്‍’. ഫെബ്രുവരി 22നാണ് ചിത്രം
തീയറ്ററുകളിലെത്തിയത്. ചിത്രത്തിലെ ചില ഗാനങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ഓരോ ഗാനങ്ങള്‍ക്കും ലഭിച്ചത്. സ്‌കൂളും നാട്ടിന്‍പുറവുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ട് ഒരുക്കിയ ചിത്രത്തിന്റെ ട്രെയ്‌ലറും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൂടുതലും പുതുമുഖതാരങ്ങളെ അണിനിരത്തിയാണ് ‘സ്വര്‍ണമത്സ്യങ്ങള്‍’ ഒരുക്കുന്നത്. സിദ്ദിഖ്, ഹരീഷ് കണാരന്‍, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.