പുതിയ 20 രൂപ നോട്ട് പുറത്തിറക്കാൻ ഒരുങ്ങി ആർബിഐ

April 27, 2019

പുതിയ 20 രൂപ നോട്ട് വരുന്നു, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് പുതിയ നോട്ട്  സംബന്ധിച്ച വിവരം പുറത്തുവിട്ടത്. നോട്ട് നിരോധനത്തിന് ശേഷം പുതിയ നോട്ടുകള്‍ ഇറക്കുന്നതിന്റെ ഭാഗമായിട്ടാണ് 20 രൂപയും വരുന്നത്. 10, 50, 100, 200, 500, 2000 നോട്ടുകള്‍ നേരത്തെആർ ബി ഐ ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ 20 രൂപയും പുറത്തിറക്കുന്നത്. നിലവില്‍ ഉപയോഗിച്ച് വരുന്ന നോട്ടുകളില്‍ നിന്നും ഏറെ വ്യത്യസ്തമായി പച്ച കലർന്ന മഞ്ഞ നിറമാണ് നോട്ടിന് ആർ ബി ഐ നൽകിയിരിക്കുന്നത്.

2016 നവംബര്‍ മുതല്‍ 20 രൂപ നോട്ടുകള്‍ രാജ്യത്ത് വിനിമയത്തിലുണ്ട്. 2016 മാര്‍ച്ച് 31 ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 492 കോടി 20 രൂപ നോട്ടുകള്‍ വിനിമയത്തിലുണ്ട്. 2018 മാര്‍ച്ച് ആയപ്പോള്‍ നോട്ടുകളുടെ എണ്ണം 1,000 കോടിക്ക് അടുത്തെത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2018 മാര്‍ച്ചിലെ കണക്ക് പ്രകാരം വിനിമയത്തിലുളള ആകെ കറന്‍സി നോട്ടുകളുടെ 9.8 ശതമാനമാണ് 20 രൂപ നോട്ടുകള്‍.

Read also: ‘ഇതെന്തൊരു സാമ്യം’, കാസ്റ്റിംഗിലെ രൂപസാദൃശ്യത്തിൽ അമ്പരന്ന് ആരാധകർ; ഹൃദയം തൊട്ട് ‘വൈറസി’ന്റെ ട്രെയ്‌ലർ..

മഹാത്മാ ഗാന്ധി സീരീസില്‍പെട്ട പുതിയ നോട്ട് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ ഒപ്പോടുകൂടിയായിരിക്കും പുറത്തിറങ്ങുക. അശോക പില്ലറിന്റെ രൂപം പുതിയ നോട്ടിന്റെ വലത് വശത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോട്ടിന്റെ മറുവശത്ത് നോട്ട് പ്രിന്റ് ചെയ്ത വര്‍ഷവും സ്വച്ഛ് ഭാരത് ലോഗോയും സ്ലോഗണും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പൈതൃകം വിളിച്ചോതുന്ന എല്ലോറ ഗുഹയുടെ ചിത്രവും നോട്ടിൽ കാണാം. ജിയോമെട്രിക് പാറ്റേണിലാണ് നോട്ടിലെ മറ്റ് ഡിസൈനുകള്‍ തയാറാക്കിയിരിക്കുന്നത്. ഏപ്രില്‍ 26-നാണ് പുതിയ 20 രൂപ നോട്ട്  സംബന്ധിച്ച വിജ്ഞാപനം ആര്‍ ബി ഐ പുറത്തുവിട്ടത്.