“ചെയ്യുന്ന എല്ലാ വേഷങ്ങളും മികച്ചത്”; താനാെരു ഫഹദ് ഫാസില്‍ ആരാധകനാണെന്ന് ‘ദംഗല്‍’ സംവിധായകന്‍

May 9, 2019

വെള്ളിത്തിരയില്‍ മാറി മാറിവരുന്ന വേഷപ്പകര്‍ച്ചകളില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരമാണ് ഫഹദ് ഫാസില്‍. ഒരു നോട്ടംകൊണ്ടു പോലും തീവ്രമായി അഭിനയിക്കുന്ന നടന്‍. ഫഹദ് ഫാസിലിന്റെ അഭിനയത്തിലെ ആഴവും പരപ്പുമെല്ലാം വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുന്നു. ഇപ്പോഴിതാ താരത്തിന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ‘ദംഗല്‍’ എന്ന സിനിമയുടെ സംവിധായകന്‍ നിതേശ് തിവാരി. താനൊരു ഫഹദ് ഫാസില്‍ ആരാധകനാണെന്നും നിതേശ് ട്വിറ്ററില്‍ കുറിച്ചു.

”ചെയ്യുന്ന എല്ലാ വേഷവും ഫഹദ് ഫാസില്‍ മികച്ചതാക്കുന്നു. വൈകിയാണ് ഫഹദിനെക്കുറിച്ച് കേട്ടതെങ്കിലും താന്‍ ഫഹദിന്റെ വലിയൊരു ആരാധകനാണെന്നും” നിതേശ് ട്വീറ്റ് ചെയ്തു. മനോഹരമായ അഭിനയത്തിലൂടെ ഇനിയും പ്രേക്ഷകരെ രസിപ്പിക്കൂ എന്നും നിതേശ് ആശംസിച്ചു.

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് നിതേശ് തിവാരി സംവിധാനം നിര്‍വ്വഹിച്ച ‘ദംഗല്‍’. തന്റെ പെണ്‍മക്കളെ മല്ലയുദ്ധത്തില്‍ പ്രാവീണ്യമുള്ളവരായി വളര്‍ത്തിക്കൊണ്ടുവന്ന മഹാവീര്‍ സിംഗ് ഫോഗട്ട് എന്ന ഗുസ്തിക്കാരന്റെ കഥയാണ് ‘ദംഗല്‍’ എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം.

Read more:ബിഗ് ബ്രദറി’ല്‍ മോഹന്‍ലാലിനൊപ്പം അനൂപ് മേനോനും ഷര്‍ജാനോ ഖാലിദും

അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന അതിരന്‍ എന്ന ചിത്രം. സായി പല്ലവിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. വെള്ളിത്തിരയില്‍ സസ്‌പെന്‍സുകളുടെ മറ്റൊരു ലോകം തന്നെ ‘അതിരന്‍’ സൃഷ്ടിക്കുന്നുണ്ടെന്നാണ് ചിത്രം കണ്ടിറങ്ങുന്നവരുടെ വിലയിരുത്തല്‍. ഫഹദ് ഫാസിലിനൊപ്പം അഭിനയത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് സായി പല്ലവിയും ചിത്രത്തില്‍.

വിവേക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കഥയും വിവേകിന്റേത് തന്നെ. പി എഫ് മാത്യൂസിന്റേതാണ് തിരക്കഥ. സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ് ആണ് അതിരന്റെ നിര്‍മ്മാണം. സെഞ്ച്വറി ഫിലിംസിന്റെ 125 ാമത്തെ ചിത്രം എന്ന പ്രത്യേകതും അതിരനുണ്ട്. കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അതേസമയം തികച്ചും വിത്യസ്തമായ ഗെറ്റപ്പിലാണ് ഫഹദ് ഫാസിലും സായി പല്ലവിയും ചിത്രത്തിലെത്തുന്നത്. ഫഹദ് ഫാസിലും സായി പല്ലവിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘അതിരന്‍’