അച്ഛനും മകനും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ‘കുട്ടിമാമ’ റിലീസിനൊരുങ്ങുന്നു

May 10, 2019

ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ഒരുമിച്ച് വെള്ളിത്തിയിലെത്തുന്ന ചിത്രമാണ് ‘കുട്ടിമാമ’. റിലീസിനൊരുങ്ങുകയാണ് ചിത്രം. ഈ മാസം 15 ന് കുട്ടിമാമ തീയറ്ററുകളിലെത്തും. വി എം വിനുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വിനു സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്ന ചിത്രംകൂടിയാണ് ‘കുട്ടിമാമ’. അതേസമയം വി എം വിനു ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ മുമ്പ് പിറന്ന ‘മകന്റെ അച്ഛന്‍’, ‘യെസ് യുവര്‍ ഓണര്‍’ എന്നീ ചിത്രങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഫുള്‍ ടൈം ഫാമിലി എന്റെര്‍റ്റൈനെര്‍ ആയ ചിത്രമാണ് ‘കുട്ടിമാമ’. ശ്രീ ഗോഗുലം മൂവീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more:‘തീവണ്ടി’യിലെ സംഗീതത്തിന് കൈലാസിനൊരു മധുര സമ്മാനം

‘കുട്ടിമാമ’ എന്ന പേര് പുറത്തെത്തിയപ്പോള്‍ മുതല്‍ക്കേ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. കാരണം ‘കുട്ടിമാമ’ എന്ന പേര് പണ്ടേയ്ക്ക് പണ്ടേ മലയാളികള്‍ നെഞ്ചിലേറ്റിയതാണ്. ‘യോദ്ധ’ എന്ന ചിത്രത്തിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ‘കുട്ടിമാമ ഞാന്‍ ഞെട്ടി മാമ…’ എന്ന ഡയലോഗ് അത്ര പെട്ടെന്ന് മറക്കാനാകില്ല മലയാളികള്‍ക്ക്. ‘കുട്ടിമാമ’ എന്ന പുതിയ ചിത്രത്തെയും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

എന്നാല്‍ ‘യോദ്ധ’യിലെ കുട്ടിമാമയുമായി ഈ ചിത്രത്തിന് ബന്ധമൊന്നുമില്ല. തള്ള് വീരനായ ഒരു പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു. ചിത്രത്തില്‍ ശ്രീനിവാസനാണ് കുട്ടിമാമയായി എത്തുന്നത്. നിരവധി താരനിരകള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ‘വിമാനം’ എന്ന ചിത്രത്തിലൂടെ പ്രക്ഷകര്‍ക്ക് സുപരിചിതയായ ദുര്‍ഗ കൃഷ്ണയും ‘തന്മാത്ര’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ ശ്രദ്ധേയമായ മീര വാസുദേവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.