”ഓരോ ടൈപ്പ് മനുഷ്യന്‍മാര് അല്ലേ മോളേ…”വീണ്ടും ഹീറോ ആയി ഷമ്മി, കുമ്പളങ്ങി നൈറ്റ്സിലെ പ്രേക്ഷകര്‍ കാണാത്ത ഒരു രംഗമിതാ…

July 17, 2019

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകന്റെ ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഏറെ മികവു പുലര്‍ത്തി. ഇപ്പോഴിതാ വീണ്ടും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം. ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീനാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ‘ഷമ്മി’ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫഹദ് ഫാസിലിന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ടും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. തീയറ്ററുകളിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ഷമ്മിയും കുമ്പളങ്ങി നൈറ്റ്‌സും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നു. ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തിന്റെ ഡയലോഗ് തന്നെയാണ് ഈ രംഗത്തിന്റെ മുഖ്യ ആകര്‍ഷണം.

ഷമ്മിയും ഭാരയയും ബേബി മോളും കൂടി വിരുന്നിന് ശേഷം ഒരു പാലത്തിലൂടെ വരുന്ന രംഗമാണിത്. ‘അപ്പാപ്പന് ചെറിയ വട്ടുണ്ട്. ട്രാന്‍സ്‌ഫോമറിന്റെ കീഴിലൊക്കെ പോയി നില്‍ക്കാറുണ്ട് എന്ന് ഭാര്യ ഷമ്മിയോട് പറയുന്നു. ‘ഓരോ ടൈപ്പ് മനുഷ്യന്മാര്‍ അല്ലേ മോളെ’ എന്ന ഷമ്മിയുടെ ഡയലോഗാണ് പ്രേക്ഷകര്‍ക്കിടയില്‍ വീണ്ടും ചിരി പടര്‍ത്തുന്നത്.

Read more:മുങ്ങിക്കപ്പലിനെ സാഹസീകമായി ചേസ് ചെയ്ത് കോസ്റ്റ് ഗാര്‍ഡ്; അമ്പരപ്പിച്ച് ഒരു കൊക്കെയ്ന്‍ വേട്ട: വീഡിയോ

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫഹദ് ഫാസില്‍ സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.