‘ഫൈനല്‍സ്’ ഓഡിയോ ലോഞ്ചില്‍ താരമായി രജിഷ വിജയനും പ്രിയ പ്രകാശ് വാര്യരും

August 30, 2019

അഭിനയമികവു കൊണ്ട് പ്രേക്ഷക പ്രീതി ആവോളം ആവാഹിച്ച താരമാണ് രജിഷ വിജയന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഫൈനല്‍സ്’. ചിത്രം ഈ ഓണത്തോട് അനുബന്ധിച്ച് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നവാഗതനായ പി ആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

‘അഡാര്‍ ലൗ’ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ പ്രിയ പ്രകാശ് വാര്യര്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഫൈനല്‍സ് എന്ന ചിത്രത്തിന്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ താരമായിരിക്കുകയാണ് രജിഷ വിജയനും പ്രിയ പ്രകാശ് വാര്യരും.

ഫൈനല്‍സ് എന്ന ചിത്രത്തില്‍ ‘നീ മഴവില്ലുപോലെന്‍…’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രിയ പ്രകാശ് വാര്യര്‍ ആലപിച്ചിരിക്കുന്നത്.  ഈ ഗാനം പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് നേടുന്നതും. നരേഷ് അയ്യരും പ്രിയ പ്രകാശ് വാര്യരും ചേര്‍ന്ന് ആലപിക്കുന്ന ഒരു ഡ്യുയറ്റ് സോങ്ങാണ് ‘നീ മഴവില്ലുപോലെന്‍…’ ഇരുവരുടെയും ആലാപന മികവിനെയും പ്രശംസിക്കുന്നുണ്ട് പ്രേക്ഷകര്‍. ആസ്വാദകന്റെ മനസിലേക്ക് ഒരു നനുത്ത മഴ പോലെ പെയ്തിറങ്ങുന്നുണ്ട് ഈ ഗാനം. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്‍ക്കുന്നു. ശ്രീരേഖ ഭാസ്കരന്റേതാണ് ഗാനത്തിലെ വരികള്‍.

Read more: നിസ്സാരമല്ല ആ സ്വര്‍ണ്ണത്തിളക്കം; ശ്രദ്ധേയമായി പിവി സിന്ധുവിന്‍റെ പരിശീലന വീഡിയോ

ഒരു സമ്പൂര്‍ണ്ണ സ്‌പോര്‍ട്‌സ് ചിത്രമാണ് ഫൈനല്‍സ്. ഒളിമ്പിക്‌സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നത്. സുരാജ് വെഞ്ഞാറന്മൂടും ഫൈനല്‍സില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ചിത്രത്തില്‍ സുരാജ് വെഞ്ഞറന്മൂടാണ് രജിഷയുടെ അച്ഛനായെത്തുന്നത്. ആലീസ് എന്നാണ് രജിഷ വിജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.