ആഗ്രഹം ഒരു ഫോണ്‍ വാങ്ങാന്‍; കോന്‍ ബനേഗാ ക്രോര്‍പതിയില്‍ കോടിപതിയായി സര്‍ക്കാര്‍ സ്‌കൂള്‍ പാചകക്കാരി: വീഡിയോ

September 18, 2019

സ്വപ്‌നങ്ങളെയും ആഗ്രഹങ്ങളെയുമൊക്കെ കൂടെ കൂട്ടുന്നവരാണ് നമ്മളില്‍ അധികം. എന്നെങ്കിലും ഒരിക്കല്‍ യാഥാര്‍ത്ഥ്യമാക്കണം എന്ന് ഉള്ളില്‍ ഉറച്ചുവിശ്വസിച്ചുകൊണ്ട് പ്രയത്‌നിക്കുന്നവര്‍.

ആന്ധ്രാപ്രദേശിലെ അമരാവതിയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പാചകക്കാരിയാണ് ബബിതാ ടാഡേ. പ്രതിമാസ ശമ്പളം 1500 രൂപ. ബബിതയ്ക്കുമുണ്ടായിരുന്നു ഒരു കുഞ്ഞു സ്വപ്നം. ‘ ഒരു ഫോണ്‍ വാങ്ങണം’,  ഈ ആഗ്രഹവുമായാണ് ബബിത ജനപ്രിയ ടെലിവിഷന്‍ ക്വിസ് ഷോ ആയ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ മത്സരിക്കാനെത്തിയതും.

ഉള്ളു നിറയെ കുഞ്ഞു സ്വപ്‌നങ്ങളായിരുന്നുവെങ്കിലും വിധി ബബിതയ്ക്കായി ഒരുക്കിയത് മറ്റൊരു അത്ഭുതമായിരുന്നു. കോന്‍ ബനേഗാ ക്രോര്‍പതിയിലെ കോടിപതി എന്ന നേട്ടം. ബബിതയുടെ ഈ നേട്ടത്തില്‍ നിരവധി പേരാണ് അഭിനന്ദനങ്ങളുമായെത്തുന്നത്.

Read more:നമുക്ക് ബഹിരാകാശംവരെ ഒന്ന് പോയിവന്നാലോ…!; അറിയാം ബഹിരാകാശ ടൂറിസത്തെക്കുറിച്ച്: വീഡിയോ

സോണി എന്റര്‍ടെയ്‌മെന്റ് ചാനലില്‍ അമിതാഭ് ബച്ചന്‍ അവതാരകനായെത്തുന്ന പരിപാടിയാണ് കോന്‍ ബനേഗാ ക്രോര്‍പതി. ഈ പരിപാടിയുടെ പതിനൊന്നാം എഡിഷനിലെ രണ്ടാമത്തെ കോടിപതിയാണ് ബബിത. ബബിത എത്തിയ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പേ പ്രൊമോ വീഡിയോ ചാനല്‍ പുറത്തുവിട്ടിരുന്നു.

മത്സരത്തില്‍ ജയിച്ചാല്‍ ആ തുകയ്ക്ക് എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു ബബിതയുടെ മറുപടി. ‘ഒരു ഫോണ്‍ വാങ്ങണം’. കുടുംബത്തിലെ എല്ലാവര്‍ക്കുമായി ഒരൊറ്റ ഫോണ്‍ മാത്രമാണുള്ളത്. മത്സരത്തില്‍ നിന്നും ഭേദപ്പെട്ട തുക ലഭിച്ചാല്‍ ഫോണിനായിരിക്കും പ്രാധാന്യം നല്‍കുക എന്നും ബബിത പറഞ്ഞു. എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ബബിത.