തോക്കുമായി എത്തിയ വിദ്യാര്‍ത്ഥിയെ ആലിംഗനംകൊണ്ട് നേരിട്ട് സ്‌കൂളിലെ ഫുട്‌ബോള്‍കോച്ച്: വൈറല്‍ വീഡിയോ

October 25, 2019

സ്‌നേഹംകൊണ്ട് പലതിനെയും കീഴടക്കാന്‍ സാധിക്കും. കൊല്ലാനുള്ള ദേഷ്യവുമായി അരികിലെത്തുന്നവരെ സൗമ്യമായ പുഞ്ചിരികൊണ്ട് നേരിട്ടവരെക്കുറിച്ച് കഥകളിലൊക്കെ നാം കേട്ടിട്ടുണ്ട്. എന്നാല്‍ കഥയിലല്ല യഥാര്‍ത്ഥത്തില്‍ നടന്ന ഇത്തരമൊരു സംഭവമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

തോക്കുമായി ദേഷ്യത്തോടെ എത്തിയവനെ സ്‌നേഹാര്‍ദ്രമായ ഒരു ആലിംഗനംകൊണ്ട് നേരിട്ട ഫുട്‌ബോള്‍ കോച്ചാണ് സാമൂഹ്യ മാധ്യമങ്ങളിലെ താരം. അമേരിക്കയിലാണ് വിത്യസ്തമായ ഈ സംഭവം അരങ്ങേറിയത്. അമേരിക്കയിലെ ഓര്‍ഗണിലനെ പാര്‍ക്ക്രോസ് ഹൈ സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളാണ് ഇവ.

പതിനെട്ടുകാരനായ എയ്ഞ്ചല്‍ ഗ്രനാഡോസ് ഡയസ് എന്ന വിദ്യാര്‍ത്ഥിയാണ് കോട്ടിനുള്ളില്‍ ഒളിപ്പിച്ച് തോക്കുമായി സ്‌കൂളിലെത്തിയത്. ഈ സമയത്ത് സ്‌കൂളിലെ സെക്യൂരിറ്റി ഗാര്‍ഡും ഫുട്‌ബോള്‍ കോച്ചുമായ കീനന്‍ ലോ ഫൈന്‍ ആര്‍ട്‌സ് ബില്‍ഡിങിലേക്ക് പോവുകയായിരുന്നു. തോക്കുമായി വന്ന വിദ്യാര്‍ത്ഥിയും അവിടേക്കെത്തി. വിദ്യാര്‍ത്ഥിയുടെ കൈയിലെ തോക്കുകണ്ട ചിലര്‍ ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം.

Read more:കുഞ്ഞനുജത്തിക്കായി ഒരു സ്‌നേഹത്താരാട്ട്: വീഡിയോയ്ക്ക് സോഷ്യല്‍മീഡിയയുടെ കൈയടി

എന്നാല്‍ കീനന്‍ ലോ വിദ്യാര്‍ത്ഥിയുടെ സമീപത്തെത്തി അവനെ ആശ്വസിപ്പിച്ചു. ഇതിനിടെ മറ്റൊരു അധ്യാപകനെത്തി വിദ്യാര്‍ത്ഥിയില്‍ നിന്നും തോക്ക് വാങ്ങിമാറ്റി. തോക്ക് മാറ്റിയിട്ടും ദേഷ്യം വിട്ടുമാറാത്ത വിദ്യാര്‍ത്ഥിയെ ആലിംഗനം ചെയ്യുകയും ആശ്വസിപ്പിക്കുകയുമൊക്കെ ചെയ്യുന്ന കീനന്‍ ലോയെ വീഡിയോയില്‍ കാണം. കീനന്‍ ലോയുടെ മനസാന്നിധ്യത്തെ പുകഴ്ത്തുകയാണ് സൈബര്‍ ലോകം. അതേസമയം തോക്കുമായി ദേഷ്യത്തോടെ വന്ന വിദ്യാര്‍ത്ഥിയോട് അനുകമ്പ മാത്രമാണ് തോന്നിയതെന്ന് കീനന്‍ ലോയും പറയുന്നു. എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ.