പ്രിയദർശൻ വീണ്ടും ബോളിവുഡിലേക്ക്; 16 വർഷം മുൻപിറങ്ങിയ സിനിമയ്ക്ക് രണ്ടാം ഭാഗം

November 22, 2019

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡ് സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നു. 2003 ൽ റിലീസ് ചെയ്ത ‘ഹംഗാമ’ എന്ന ചിത്രത്തിനു രണ്ടാം ഭാഗമൊരുക്കിയാണ് പ്രിയദർശൻ വീണ്ടും ബോളിവുഡിലേക്ക് കടക്കുന്നത്. ‘പൂച്ചക്കൊരു മൂക്കുത്തി’ എന്ന മലയാള സിനിമയുടെ റീമേയ്ക്ക് ആയിരുന്നു ‘ഹംഗാമ’.

ആറു വർഷത്തിന് ശേഷമാണ് പ്രിയദർശൻ ബോളിവുഡിലേക്ക് മടങ്ങുന്നത്. ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ ‘ഹംഗാമ’യുടെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി അറിയിച്ചത്.

‘ഹംഗാമ’യുടെ കഥാതുടര്‍ച്ചയല്ല ‘ഹംഗാമ സെക്കന്‍ഡ്’. പുതിയ കഥയായിരിക്കും. പരേഷ് റാവല്‍ ചിത്രത്തിലുണ്ടാവുമെങ്കിലും അക്ഷയ് ഖന്നയ്ക്കും റിമി സെന്നിനും പകരം പുതിയ നായികാ നായകന്‍മാരായിരിക്കും. ടിപ്പിക്കല്‍ പ്രിയദര്‍ശന്‍ കോമഡിയായിരിക്കും സിനിമയെന്നും പ്രിയദർശൻ പറയുന്നു.

Read More:കണ്ണെഴുതി പൊട്ടുതൊട്ട ‘സുന്ദരി’- ‘ഉടലാഴം’ ടീസർ

പ്രിയദർശൻ സംവിധാനം ചെയ്ത  ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന മോഹൻലാൽ ചിത്രം മാർച്ചിൽ തിയേറ്ററുകളിലേക്ക് എത്തും .  ഹൈദരാബാദിലെ റാമോജി ഫിലിം സ്റ്റുഡിയോയില്‍ ആയിരുന്നു ഷൂട്ടിംഗ് പൂർത്തിയായത്. ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായിരിക്കും ഇത്.