‘ജോജു എനിക്ക് ഒരു നടനല്ല, ഒരു മനുഷ്യനോ മൃഗമോ അല്ല.. അയാൾ അടിയുറച്ച ഒരു സിനിമാ പ്രേമിയാണ്’- സനൽകുമാർ ശശിധരന്റെ കുറിപ്പ്

November 22, 2019

ജോജുവും നിമിഷ സജയനും അഭിനയിച്ച സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ചോല’. അന്താരാഷ്ട്ര വേദികളിൽ അംഗീകാരം നേടിയ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോൾ ജോജുവിനെ കുറിച്ച് ഹൃദയം തൊടുന്നൊരു കുറിപ്പുമായി എത്തിയിരിക്കുയാണ് സനൽകുമാർ ശശിധരൻ. കുറിപ്പ് ഇങ്ങനെയാണ്.

‘ജോജു ജോർജ്ജ് എന്നെ സംബന്ധിച്ച് പ്രാഥമികമായി ഒരു നടനല്ല, ഒരു മനുഷ്യനോ മൃഗമോ അല്ല.. അയാൾ അടിയുറച്ച ഒരു സിനിമാ പ്രേമിയാണ്. ചോലയുടെ കാര്യത്തിനായി ഞാൻ വിളിക്കുമ്പോൾ, കഥ പറയുമ്പോൾ ഒക്കെ കടലിൽ ഒരു വള്ളം ഒരു ചെറുതുഴയിൽ എന്നപോലെ അയാൾ അതെ അതെ എന്ന് പറഞ്ഞുകൊണ്ടിരുന്നു. ആ അതെ അതെയിൽ ഒരു സിനിമ മുന്നോട്ട് നീങ്ങുകയായിരുന്നു. ഞാൻ അയച്ചുകൊടുത്ത ചെറിയ സ്ക്രിപ്റ്റ് അന്നു തന്നെ പ്രിന്റൗട്ട് എടുത്തു വായിച്ചു, തിരികെ വിളിച്ചു.. പിന്നീട് ഞാൻ കാണാൻ പോകുമ്പോൾ കുറേ നേരം സംസാരിച്ചിരുന്നപ്പോൾ എന്റെ കയ്യിൽ തരാൻ കാശൊന്നുമില്ലെന്നു പറഞ്ഞപ്പോൾ അയാൾ ചിരിച്ചു.. പിന്നെ പെട്ടെന്ന് ഇട്ടിരുന്ന ടീഷർട്ടൂരിക്കൊണ്ട്… “ഇതാണ് ഇപ്പോ എന്റെ ശരീരത്തിന്റെ ഷെയ്പ്പ്.. ഇത് ആ കഥാപാത്രത്തിനു ചേരുമോ.. അതുമാത്രമാണെന്റെ ആലോചന” എന്നു പറഞ്ഞു.. ചോലയിൽ അയാൾ അഭിനയിച്ചില്ല.. ജീവിച്ചു.. ഇപ്പോൾ ഒരു വർഷത്തിൽ കൂടുതലായി ഞങ്ങൾ ആഴമുള്ള സുഹൃത്തുക്കളാണ്.. സംസാരിക്കുന്ന ഓരോ നിമിഷവും എനിക്ക് മനസിലാവുന്നത് അയാൾ ആദ്യന്തികമായി ഒരു അടിയുറച്ച ഒരു സിനിമാ പ്രേമിയാണെന്നാണ്. ബാക്കിയൊക്കെ പിന്നെയേ വരൂ.. ചോലയുടെ തിയേറ്റർ റിലീസിന്റെ കൊടിതോരണങ്ങൾ എന്റെ വിശ്വാസം ഉറപ്പിക്കുന്നു. സ്നേഹം ജോജു..’

Read More:പ്രിയദർശൻ വീണ്ടും ബോളിവുഡിലേക്ക്; 16 വർഷം മുൻപിറങ്ങിയ സിനിമയ്ക്ക് രണ്ടാം ഭാഗം

വെനീസ് ചലച്ചിത്ര മേളയിലും ചോല പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് മേളയില്‍ ചിത്രത്തിന് ലഭിച്ചതും. മേളയില്‍ ഒറിസോണ്ടി മത്സരവിഭാഗത്തിലാണ് ചോല പ്രദര്‍ശിപ്പിച്ചത്. ലോകസിനിമയിലെ പുത്തന്‍ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന മത്സര വിഭാഗമാണ് ഒറിസോണ്ടി. അതേസമയം ഈ വിഭാഗത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സിനിമകൂടിയാണ് ‘ചോല’.