‘പതിനാല് വർഷം ഒരു വലിയ കാലയളവാണ്, നിരാശരാകരുത്’- കുഞ്ചാക്കോ ബോബൻ

January 8, 2020

മലയാളികളുടെ പ്രിയ നായകനാണ് കുഞ്ചാക്കോ ബോബൻ. ഇന്നും ചെറുപ്പം വിട്ടു മാറാത്ത കുഞ്ചാക്കോ ഇന്ന് ആഘോഷ ദിനങ്ങൾക്കായി കാത്തിരിക്കുകയാണ്. കാരണം ഇസഹാക്ക് പിറന്നതോടെ ഓരോ നിമിഷവും ഗംഭീരമായി ആഘോഷിക്കുകയാണ് കുഞ്ചാക്കോയും പ്രിയയും.

നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞു പിറന്നത്. മലയാളികൾ ഓരോരുത്തരും അവർക്കായി പ്രാർത്ഥനയോടെ കാത്തിരുന്നു. ഓണവും ക്രിസ്മസുമൊക്കെ ഇസഹാക്കിനോപ്പം ആഘോഷങ്ങളുമായി സജീവമാക്കിയിരുന്നു കുഞ്ചാക്കോ ബോബൻ.

മകൻ പിറന്നതിനൊപ്പം ഇങ്ങനെ കുഞ്ഞിനായി കാത്തിരിക്കുന്നവർക്ക് നല്ല നിർദേശങ്ങൾ കുഞ്ചാക്കോ നൽകിയിരുന്നു. ഇപ്പോഴും അദ്ദേഹം പറയുന്നത് കാത്തിരിക്കണം, നിരാശരാകരുത് എന്നാണ്.

‘എല്ലാത്തിനും ഒരു പരിഹാരം ഉണ്ടെന്ന് വിശ്വസിക്കുന്നു. കുറച്ച് വൈകിയ വേളയിലാണെങ്കിലും നമ്മള്‍ അതിനെ സ്വീകരിക്കുക, ഫോളോ അപ് ചെയ്യുക. മെഡിക്കല്‍ സയന്‍സ് ഇത്രയും പുരോഗമിച്ച സ്ഥിതിക്ക് ആ അവസരങ്ങള്‍ നമ്മള്‍ ഉപയോഗിക്കുക. ഒരു കാര്യം മാത്രം, ഒരു പ്രാവശ്യം റിസള്‍ട്ട് നെഗറ്റീവ് ആയിക്കഴിഞ്ഞാല്‍ അതു മറക്കാന്‍ വേണ്ടി കുറേ നാളുകള്‍ കഴിഞ്ഞായിരിക്കും വീണ്ടും അടുത്തൊരു ശ്രമം നടത്തുക. ആ ഒരു ഗ്യാപ് അധികം ഇല്ലാതെ പരിശ്രമങ്ങൾ തുടരെ തുടരെ ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായിട്ടും ജീവിതത്തില്‍ പ്രകാശം ഉണ്ടാകും. അതിന് യാതൊരു സംശയവും വേണ്ട.

Read More:ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടി-20 യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ഇങ്ങനെ കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. എന്റെയും പ്രിയയുടെയും ജീവിതം തന്നെ അതിനൊരുദാഹരണമാണ്. അഞ്ചു വര്‍ഷം അല്ലെങ്കില്‍ ഏഴു വര്‍ഷം ഒക്കെ കഴിഞ്ഞും കുട്ടികള്‍ ഉണ്ടാകാതെ വേദനിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. അത് വച്ചു നോക്കുമ്പോള്‍ 14 വര്‍ഷം വലിയ ഒരു കാലയളവാണ് . 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞങ്ങള്‍ക്ക് ഒരു കുട്ടി ഉണ്ടായത്. നിരാശരാകരുത്’ – കുഞ്ചാക്കോ ബോബൻ പറയുന്നു.