‘അർദ്ധരാത്രി വിശപ്പുകാരണം ഉറങ്ങാൻ പറ്റുന്നില്ല’- പൃഥ്വിരാജിന് മാർഗ നിർദേശങ്ങളുമായി ആരാധകർ

February 27, 2020

കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെയാണ് പൃഥ്വിരാജ് ‘ആടുജീവിത’ത്തിൽ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ പൂർണതക്കായി മുപ്പതു കിലോയോളം ശരീരഭാരം കുറച്ച് താടി നീട്ടി വളർത്തിയ രൂപത്തിലാണ് താരം. താരത്തിന്റെ സമർപ്പണം വ്യക്തമാക്കുന്ന തരത്തിലുള്ള വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്.

ഇപ്പോൾ ഡയറ്റിങ് കാരണം വിശപ്പ് സഹിക്കാൻ പറ്റുന്നില്ലെന്നു ആരാധകരോട് പങ്കുവയ്ക്കുകയാണ് പൃഥ്വിരാജ്. അർദ്ധരാത്രിയിൽ ഉണർന്നതാണ്. എന്നാൽ വിശപ്പ് കാരണം ഉറങ്ങാൻ സാധിക്കുന്നില്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്.

ആരാധകർ രസകരമായ മറുപടികളാണ് പൃഥ്വിരാജിന് നൽകുന്നത്. വിശന്നാൽ നാനായി ഉറങ്ങാൻ പറ്റുമെന്നും എന്നാൽ നമുക്കോരോ നാരങ്ങാവെള്ളം കാച്ചിയാലോ എന്നൊക്കെ ആരാധകർ കമന്റ്റ് ചെയ്യുന്നുണ്ട്.

കഥാപാത്രത്തിനായി മെലിഞ്ഞുവെങ്കിലും ഈ സാഹസം ഏറ്റെടുക്കാൻ ആരോടും പറയില്ല എന്ന് പൃഥ്വിരാജ് പറയുന്നു. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് അധികം അപകടമൊന്നുമില്ലാതെ നിലനിന്നതെന്ന് പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

ബ്ലെസിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ‘ആടുജീവിതം’ എന്ന സിനിമയില്‍ നജീബ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് പ്രമേയം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയതാണ് ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവല്‍.