“കുട്ടികള്‍ പല്ലു തേയ്ക്കാതെ ചായ കുടിക്കുന്ന പ്രവണത ശ്രദ്ധയില്‍ പെട്ടു, കര്‍ശന നടപടി”; ചിരി നിറച്ച് ഒരു വാര്‍ത്താ സമ്മേളനം: വീഡിയോ

April 15, 2020

കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ പുരോഗമിക്കുകയാണ് സംസ്ഥാനത്ത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഭൂരിഭാഗം ആളുകളും പുറത്തിറങ്ങാതെ വീടുകളില്‍ത്തന്നെ കഴിയുന്നു. കുട്ടികളാണെങ്കിലോ വേനലവധി നേരത്തെ എത്തിയതിന്റെ സന്തോഷത്തിലും. എന്നാല്‍ പുറത്ത് കളിക്കാന്‍ പോകാതെ വീട്ടിലിരിക്കുമ്പോള്‍ കുട്ടികളില്‍ മടിയും വര്‍ധിക്കുന്നു. മകന്റെ മടിയെ മാറ്റിയെടുക്കാന്‍ ഒരു അച്ഛന്‍ കണ്ടെത്തിയ സൂത്രവിദ്യയാണ് സോഷ്യല്‍മീഡിയയില്‍ ചിരി നിറയ്ക്കുന്നത്.

കൊറോണക്കാലത്ത് ആരുംതന്നെ ഒഴിവാക്കാത്ത ഒന്നാണ് മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താ സമ്മേളനം. കൊവിഡ് കണക്കുകളും നിലവിലെ സ്ഥിതിഗതികളുമൊക്കെ വ്യക്തമാക്കുന്ന പത്രസമ്മേളനം കുട്ടികളടക്കം വീക്ഷിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം മകനുവേണ്ടി പ്രത്യേകമായി രൂപകല്‍പന ചെയ്തിരിക്കുകയാണ് എഴുത്തുകാരനും സംവിധായകനുമായ ജിയോ ബേബി. രസകരമാണ് ഈ വീഡിയോ.

മുഖ്യമന്ത്രിയുടെ തനതായ സംഭാഷണ ശൈലിയിലാണ് വീഡിയോയിലെ വാക്കുകള്‍. സിനിമാ പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ലൂയിസാണ് ഈ വീഡിയോ തയാറാക്കി നല്‍കിയത്. വീഡിയോയെക്കുറിച്ച് ജിയോ ബേബി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: ‘മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് വീട്ടില്‍ മോനെ കൊണ്ട് ചില കാര്യങ്ങള്‍ ഒക്കെ ചെയ്യിക്കുന്നത്. ഇന്ന് അവന്‍ പറഞ്ഞു മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്ന്, അപ്പോള്‍ അവനെ പറ്റിക്കാന്‍ വേണ്ടി ഒരു വീഡിയോ ഉണ്ടാക്കിയതാണ്,ആള് ആദ്യം ഒന്നു ഞെട്ടി, പക്ഷേ സൗണ്ട് കയ്യോടെ പൊക്കി.അവന്റെ ഒരു ഷോട്ടും കൂടേ ചേര്‍ത്ത് ഒരു വീഡിയോ ആക്കി പോസ്റ്റ് ചെയ്യുന്നു. ഫ്രാന്‍സിസ് ലൂയിസ് ആണ് എഡിറ്റ് ചെയ്തത്.ഒരു തമാശയായി ലോക്ക്ഡൗണ്‍ ടൈംപാസ് ആയി മാത്രം ഇതിനെ കാണുക.’