‘മഞ്ഞിൽവിരിഞ്ഞ പൂക്കൾ’ റിലീസായതിനുശേഷം ഇത്രയും സ്വതന്ത്രമായ മനസ്സോടെ മോഹൻലാൽ വീട്ടിലിരിക്കുന്നത് ആദ്യം, മമ്മൂട്ടി പുതിയ വീട്ടിൽ- താരങ്ങളുടെ ലോക്ക് ഡൗൺ എങ്ങനെയെന്ന് സത്യൻ അന്തിക്കാട്

April 17, 2020

തിരക്കിൽ നിന്നും തിരക്കിലേക്ക് ഓടുന്ന സിനിമ താരങ്ങൾ ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് വീട്ടിൽ സ്വസ്ഥമായി ഇരിക്കുന്നത്, ഈ ലോക്ക് ഡൗൺ കാലത്ത്. സിനിമ വ്യവസായത്തിന് വലിയ നഷ്ടം കൊറോണയും ലോക്ക് ഡൗണും സൃഷ്ടിച്ചെങ്കിലും വീട്ടിൽ ഇരിക്കാൻ സാധിച്ചതിന്റെ സന്തോഷമാണ് പലർക്കും. എന്നാൽ സത്യൻ അന്തിക്കാടിന് തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് വിധി മാറ്റി മറിച്ചതിലാണ് സങ്കടം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇപ്പോൾ ഓരോ താരങ്ങളും എന്ത് ചെയ്യുന്നുവെന്നും മുടങ്ങി പോയ പദ്ധതികളുമൊക്കെ വ്യക്തമാക്കുകയാണ് സത്യൻ അന്തിക്കാട്.

ഞാൻ പ്രകാശൻ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിൽ പത്തിന് ആരംഭിക്കുവാനിരിക്കുകയായിരുന്നു സത്യൻ അന്തിക്കാട്.എന്നാൽ പത്താം തീയതി വരാൻ പറ്റില്ലെന്നും അതിനുമുമ്പ്‌ തുടങ്ങുന്ന സിനിമ തീരില്ലെന്നും മമ്മൂട്ടി അറിയിച്ചിരുന്നു. അതു പറ്റില്ലെന്നും അടുത്ത ഓണത്തിന്‌ തിയേറ്ററുകളൊക്കെ ബുക്കുചെയ്തുകഴിഞ്ഞെന്നും ഏപ്രിൽ പതിനഞ്ചിനെങ്കിലും സെറ്റിലെത്തണമെന്നും വാശിപിടിച്ച് അവസാനം മമ്മൂട്ടി ആന്റോ ജോസഫുമായി കൂടിയാലോചിച്ച് ആദ്യത്തെ പടം ഒരു ഷെഡ്യൂൾ ഷൂട്ട്‌ ചെയ്ത്‌ നിർത്തിവെച്ചതിനുശേഷം സത്യന്റെ സെറ്റിലെത്താമെന്ന കരാറിൽ എത്തുകയായിരുന്നു. എന്നാൽ വിധി ചതിച്ചു.

‘ഒരൊറ്റ വൈറസ്‌ ലോകത്തിന്റെ താളം മുഴുവൻ തെറ്റിച്ചു.
മഴ വരുംപോലെയായിരുന്നു കൊറോണയുടെ വരവ്‌. എല്ലാവരും ഇപ്പോൾ വീട്ടിലിരിപ്പാണ്. വർഷങ്ങളായി അടുപ്പിച്ചൊരു നാലുദിവസം വീട്ടിലിരിക്കാത്തവർപോലും. പ്രിയദർശൻ പറഞ്ഞു: ‘മഞ്ഞിൽവിരിഞ്ഞ പൂക്കൾ’ റിലീസായതിനുശേഷം ഇത്രയും സ്വതന്ത്രമായ മനസ്സോടെ മോഹൻലാൽ വീട്ടിലിരിക്കുന്നത് കണ്ടിട്ടില്ലെന്ന്. ഉച്ചയ്ക്ക് ഒരുമണിക്ക് ഞാൻ ഫോണിൽ വിളിച്ചപ്പോൾ ചെന്നൈയിലെ വീടിനുമുമ്പിലുള്ള കടലോരത്ത് ചുമ്മാ നടക്കുകയാണ് മോഹൻലാൽ’.


‘മമ്മൂട്ടി എറണാകുളത്ത്‌ പുതിയ വീട്ടിലേക്കു താമസം മാറിയിട്ട്‌ ആഴ്ചകളേ ആയിട്ടുള്ളൂ. വീടുമായൊന്നു പരിചയപ്പെടാൻ ഇപ്പോൾ ഇഷ്ടംപോലെ സമയം. ദുൽഖറും സുറുമിയുമൊക്കെ വീട്ടിലുണ്ട്‌.
ജോലിക്കാരെ വിശ്രമിക്കാൻ വിട്ട്‌ നടൻ സിദ്ദിഖ്‌ ഇപ്പോൾ കൂടുതൽ സമയം അടുക്കളയിലാണ്‌. ഇരിങ്ങാലക്കുടയിലെ വീട്‌ അടിച്ചുവാരുന്നതും തുണികൾ കഴുകി ഉണക്കാനിടുന്നതുമൊക്കെ ഇന്നസെന്റും ആലീസും ചേർന്നാണ്‌. ജയറാമിനെ ഫോണിൽ വിളിച്ചപ്പോൾ പാർവതി പറഞ്ഞു: ‘‘ജയറാം ഷർട്ട്‌ ഇസ്തിരിയിടുകയാണ്‌’’ എന്ന്‌. തേപ്പുകാരനും സാമൂഹികഅകലത്തിലാണല്ലോ. ശ്രീനിവാസനും വിമലയും വീടിനോടുചേർന്നു പച്ചക്കറിത്തോട്ടത്തിൽ വിയർത്തു പണിയെടുക്കുന്നു. ഇവിടെ എന്റെ സ്ഥിതിയും വിഭിന്നമല്ല. ഉച്ചതിരിഞ്ഞാൽ വാഴയ്ക്ക്‌ തടമെടുക്കാനും പറമ്പിലെ മറ്റു കൃഷിപ്പണികൾക്കും ഭാര്യ നിമ്മിയെ സഹായിച്ചേ പറ്റൂ.
സത്യത്തിൽ ഇതൊരു തിരിച്ചറിവിന്റെ കാലംകൂടിയാണ്‌. നമുക്ക്‌ നമ്മളല്ലാതെ മറ്റാരുമില്ല എന്ന തിരിച്ചറിവ്‌’. സത്യൻ അന്തിക്കാട് പറയുന്നു.