മലയാള മനസ്സുകളുടെ ഹൃദയതാളങ്ങള്‍ കീഴടക്കി ‘സംഗമ’ത്തിന്റെ മിമിക്‌സ് ഗാനമേള

July 26, 2020
Sangamam TVPM special story

മിമിക്‌സ് ഗാനമേള എന്നത് ഒരു വികാരമായിരുന്നു ഒരുകാലത്ത് മലയാളികള്‍ക്ക്. ഉത്സവ പറമ്പുകളില്‍ തരംഗം തീര്‍ത്ത മിമിക്‌സ് ഗാനമേളകളെ എങ്ങനെ മറക്കാനാണ്. എന്നാല്‍ കാലാന്തരങ്ങള്‍ക്കിപ്പുറം പലര്‍ക്കും അപരിചിതമായി തുടങ്ങിയിരിക്കുന്നു മിമിക്‌സ് ഗാനമാള. എന്നാല്‍ ഈ കലാരൂപത്തെ പുനര്‍ജ്ജീവിപ്പിച്ച് വീണ്ടും ജനഹൃദയങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ് സംഗമം തിരുവനന്തപുരം എന്ന സംഘം.

വളരെയേറെ വര്‍ഷങ്ങളായി പ്രൊഫഷണല്‍ മിമിക്രി കലാരംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന മിമിക്രി ആര്‍ട്ടിസ്റ്റുകളായ ശിവന്‍ ഭാവന, മലയടി രാധാകൃഷ്ണന്‍, സുബീഷ്, ജ്യോതിഷ്, ആമച്ചല്‍ പവിത്രന്‍, സ്വരസാഗര്‍, സനല്‍ അന്തിയൂര്‍കോണം, തുടങ്ങിയവരാണ് സംഗമത്തിലെ കലാകാരന്‍മാര്‍. ഇതിനകം തന്നെ മൂന്ന് ഗാനങ്ങള്‍ ഈ കലാസംഘം പുറത്തിറക്കുകയും ചെയ്തു. മികച്ച പ്രേക്ഷ സ്വീകാര്യതയാണ് ഗാനങ്ങള്‍ക്ക് ലഭിക്കുന്നതും.

ആദ്യഗാനമായ ‘ശങ്കര’ എന്ന ഗാനത്തിന്റെ അവതരണം കണ്ട് പ്രശസ്ത സിനിമാ താരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ ഗിന്നസ് പക്രുവിന്റെ സപ്പോര്‍ട്ട് ഈ ടീമിന് വളരെ സഹായകരമായി. തുടര്‍ന്നുള്ള അവതരണങ്ങള്‍ക്ക് സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ പ്രജോദ്, എന്‍ കെ കിഷോര്‍, തങ്കച്ചന്‍ വിതുര, അസീസ് നെടുമങ്ങാട്, കൊല്ലം സുധി, ബിനു വി കമല്‍ ഇവരുടെ സപ്പോര്‍ട്ടും ഈ ടീമിന് പ്രോത്സാഹനമായി.

അടുത്തിടെ പുറത്തിറക്കിയിരിക്കുന്ന ദേവസഭാതലം എന്ന വളരെ പ്രയാസമേറിയ ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. ആസ്വാദകരെ അഭ്ഭുതപെടുത്തുന്ന തരത്തിലുള്ള അവതരണമാണ് ഗാനരംഗത്തെ മികച്ച ആകര്‍ഷണം. മിമിക്രി കലാകാരന്‍മാരുടെ സംഘടനയായ മാസ്‌കി ലെ അംഗങ്ങളാണ് ഈ കലാകാരന്‍മാര്‍.

Story highlights: Sangamam TVPM special story