‘ജീവിക്കാൻ പ്രേരിപ്പിച്ച് സുശാന്ത്’; നൊമ്പരമായി ദിൽ ബേചാരയിലെ പുതിയ ഗാനവും

July 21, 2020
Sushant

നിറഞ്ഞ പുഞ്ചിരിയും തെളിഞ്ഞ മുഖവുമായി പ്രേക്ഷക ഹൃദയങ്ങളിൽ നിറഞ്ഞുനിന്നിരുന്ന പ്രിയകലാകാരൻ, പ്രശാന്ത് സിങ് രാജ്പുതിന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രവും റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയ്‌ലറും ഗാനങ്ങളുമൊക്കെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ഖുൽകേ ജീനേ കാ’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് എ.ആർ.റഹ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് അർജിത് സിങ്ങും ഷാഷാ തിരുപ്പതിയും ചേർന്നാണ്.

ഗാനം റിലീസ്ചെയ്ത ആദ്യമണിക്കൂറിൽ തന്നെ 12 ലക്ഷത്തോളം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. പാട്ടിനു ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾക്ക് പുറമെ സുശാന്തിന്റെ വേർപാട് ഒരുക്കിയ വേദനയാണ് ഓരോ പ്രേക്ഷകന്റെയും കമന്റിൽ നിറഞ്ഞുനിൽകുന്നത്.

ചിത്രത്തിന്റെ ടൈറ്റിൽ ഗാനവും പ്രണയഗാനവും നേരത്തെ റിലീസ് ചെയ്തിരുന്നു. പ്രണയഗാനത്തിൽ പ്രത്യക്ഷപ്പെടുന്ന സുശാന്തിന്റെ മുഖത്തെ ചിരി കാഴ്ചക്കാരന്റെ ഉള്ളില്‍ ഒരു നൊമ്പരമായി പ്രതിഫലിക്കുകയാണ്. ടൈറ്റിൽ ഗാനത്തിൽ എആര്‍ റഹ്‌മാന്റെ മാന്ത്രിക സംഗീതത്തിന് ചുവടുവയ്ക്കുന്ന സുശാന്ത് ആയിരുന്നു പ്രധാന ആകര്‍ഷണം.

Read also: കൊവിഡ് പ്രതിസന്ധി; സ്‌കൂളുകൾ തുറക്കുന്നത് ഓഗസ്റ്റിലെ രോഗവ്യാപന രീതി വിലയിരുത്തിയ ശേഷം മാത്രം

നവാഗതനായ മുകേഷ് ചബ്ര സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ദില്‍ ബേചാര’. സഞ്ജന സാങ്കി ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ജൂലൈ 24 ന് ഡിസ്‌നി ഹോട്ടസ്റ്റാര്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.

കഴിഞ്ഞ ജൂൺ 14 നാണ് സുശാന്ത് മരണത്തിന് കീഴടങ്ങിയത്. മുംബയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.

ടെലിവിഷൻ സീരിയലുകളിലൂടെ കരിയർ ആരംഭിച്ച സുശാന്ത് 2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന ‘എം. എസ്. ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ചിത്രത്തിൽ ധോണിയുടെ വേഷത്തിൽ എത്തിയത് സുശാന്ത് ആയിരുന്നു.

‘കായി പോ ചെ’ (2013) എന്ന നാടകചലച്ചിത്രത്തില്‍ മൂന്നു പുരുഷ കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്ന് അവാര്‍ഡുകളും ലഭിച്ചിരുന്നു.

Story Highlights: Dil Bechara song Khulke Jeene Ka