കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദൃശ്യം-2; ചിത്രീകരണം സെപ്തംബർ 14 മുതൽ

August 26, 2020

പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച മോഹൻലാൽ ചിത്രമാണ് ‘ദൃശ്യം’. ജീത്തു ജോസഫ് സംവിധാനം ചെയ്ത് ചിത്രം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ബോക്സ് ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു ദൃശ്യം എന്ന സിനിമ. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ ചിത്രീകരണം സെപ്തംബർ 14 മുതൽ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന് മുന്നോടിയായി ഒരു പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഐ പോസ്റ്റർ ഔദ്യോഗികമാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണം നടത്തുക. സിനിമയുടെ ചിത്രീകരണം കഴിയുന്നതുവരെ സംഘം പ്രത്യേക ക്വാറന്റീനിലായിരിക്കും. മികച്ച സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കും സെറ്റില്‍. ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതുവരെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമടക്കം പ്രത്യേക താമസ സൗകര്യം ഒരുക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരിക്കും ചിത്രീകരണം നടത്തുക.

Read also: ‘മനോഹരമായ ഈ പുഞ്ചിരിക്കായി ഇനിയും കാത്തിരിക്കാനാവില്ല’: ധോണിയുടെ ഫോട്ടോ പങ്കുവെച്ച് സിഎസ്‌കെ

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ദൃശ്യം 2-ന്റെ ചില ഭാഗങ്ങള്‍ മാറ്റിയെഴുതിയതായി സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞിരുന്നു. ‘ദൃശ്യം 2 എഴുതിക്കഴിഞ്ഞപ്പോള്‍ കുറച്ച് പേര്‍ക്ക് അത് വായിക്കാന്‍ കൊടുത്തിരുന്നു. അവരുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് ചില തിരുത്തലുകളും വരുത്തി. അതിനുശേഷം ആ സ്‌ക്രിപ്റ്റ് മാറ്റിവെച്ചു. ഒരാഴ്ച ഇതില്‍ നിന്നൊക്കെ മാറി വേറെ കാര്യങ്ങളൊക്കെ ചെയ്ത് പിന്നെ ഫ്രെഷ് മൈന്‍ഡോടുകൂടി സ്‌ക്രിപ്റ്റ് വീണ്ടും വായിക്കാനെടുത്തു. അങ്ങനെ വായിക്കുമ്പോള്‍ സ്ക്രിപ്റ്റിലെ ചില കുഴപ്പങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും ‘ജീത്തു ജോസഫ് പറഞ്ഞിരുന്നു.

Story Highlights:drishyam 2 shooting starts on september 14