‘നമ്മൾ നമ്മളെ കാണുന്നുണ്ടെങ്കിൽ പിന്നെ നമുക്ക് യാതൊരു വിഷമവും ഉണ്ടാകില്ല’- കൗതുകമായി ഗിന്നസ് പക്രുവിന്റെ ആദ്യ അഭിമുഖം- വീഡിയോ

September 4, 2020

മലയാളികളുടെ പ്രിയ താരമാണ് ഗിന്നസ് പക്രു. മിമിക്രി വേദിയിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ പക്രു ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന പേരിൽ ഗിന്നസ് റെക്കോർഡിലും കയറി. പരിമിതികളെ വിജയ കഥയാക്കി മാറ്റിയ പക്രുവിന്റെ ആദ്യ അഭിമുഖം ശ്രദ്ധ നേടുകയാണ്.

ഗൾഫ് പരിപാടിക്കിടെ എ വി എം ഉണ്ണി നടത്തിയ പക്രുവിന്റെ ഒരു അഭിമുഖമാണ് വർഷങ്ങൾക്ക് ശേഷം ശ്രദ്ധ നേടുന്നത്. എ വി എം ഉണ്ണി ആർകൈവ്സ് എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച അഭിമുഖം പക്രുവിന്റെ ആദ്യ അഭിമുഖം കൂടിയാണ്.

1994 ലെ അഭിമുഖത്തിൽ മിമിക്രി വേദിയിലേക്കെത്തിയ വിശേഷങ്ങളാണ് പക്രു പങ്കുവയ്ക്കുന്നത്. 1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി പക്രു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഖത്തറിലെ കലാമേഖലയിൽ പ്രവർത്തിച്ചിരുന്ന എ വി എം ഉണ്ണി സിനിമാലോകത്ത് പ്രസിദ്ധനാണ്. ഗൾഫിലെത്തുന്ന മലയാള സിനിമാ, സാംസ്‌കാരിക താരങ്ങളെ അഭിമുഖം ചെയ്തിരുന്നത് ഇദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ മകനാണ് യൂട്യൂബ് ചാനലിലൂടെ അഭിമുഖങ്ങൾ പങ്കുവയ്ക്കുന്നത്.

Story highlights- Guinness pakru’s first interview