‘സീ യു സൂൺ’ മുതൽ ‘സൂരരൈ പോട്ര്’ വരെ- ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ നേരിട്ട് പ്രദർശനത്തിനെത്തുന്ന സൗത്ത് ഇന്ത്യൻ ചിത്രങ്ങൾ

September 2, 2020

വിനോദ വ്യവസായത്തിന്റെ നിർവചനങ്ങൾ തിരുത്തിക്കുറിച്ചാണ് ഓൺലൈൻ സ്‌ട്രീമിംഗ്‌ കടന്നുവന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി കൊവിഡ് ഭീതിയിൽ ലോകം തുടരുമ്പോൾ ഒട്ടേറെ ജനപ്രിയ ചിത്രങ്ങൾ ഓൺലൈൻ റിലീസിനെത്തി. ഇപ്പോഴും സിനിമാ തിയേറ്ററുകൾ തുറക്കുന്നതിൽ പ്രതിസന്ധി നിലനിൽക്കുമ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ സീ യു സൂൺ മുതൽ ‘സൂരരൈ പോട്ര്’ വരെ മൂന്ന് ചിത്രങ്ങളാണ് നേരിട്ട് ഓൺലൈൻ റിലീസിന് എത്തുന്നത്.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നൂതനമായ ആവിഷ്കാരത്തിലൂടെ മഹേഷ് നാരായണൻ ഒരുക്കിയ ചിത്രമാണ് ‘സീ യു സൂൺ’. സെപ്റ്റംബർ ഒന്നിന് ആമസോൺ പ്രൈമിൽ നേരിട്ട് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒട്ടേറെ സിനിമാപ്രേമികൾക്ക് മഹേഷ് നാരായണനും ഫഹദ് ഫാസിലും ചേർന്നൊരുക്കിയ സീ യു സൂൺ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

വളരെയധികം ചർച്ച ചെയ്യപ്പെട്ട തെലുങ്ക് ചിത്രമാണ് ‘വി’. ദിൽ രാജു നിർമ്മിച്ച ചിത്രം നേരിട്ട് ഓൺലൈൻ റിലീസിനാണ് എത്തുന്നത്. സെപ്റ്റംബർ അഞ്ചിനെത്തുന്ന ചിത്രം വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. നാനി, അദിതി റാവു ഹൈദാരി, നിവേത തോമസ്, സുധീർ ബാബു എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. മോഹന കൃഷ്ണ ഇന്ദ്രഗന്തിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.

ഒക്ടോബർ 30ന് ആമസോൺ പ്രൈമിൽ പ്രദർശനത്തിന് എത്തുകയാണ് സൂരരൈ പോട്ര്. സൂര്യ നായകനാകുന്ന ഒരു ചിത്രം ആദ്യമായാണ് ഓൺലൈൻ റിലീസിന് എത്തുന്നത്. പ്രദർശനത്തിനെത്തുന്നു ചിത്രങ്ങളിൽ ഏറ്റവും വലിയ ചിത്രവും സൂരരൈ പോട്ര് ആണ്. എയർ ഡെക്കാൻ സ്ഥാപകൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം എത്തുന്നത്. സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂരരൈ പോട്ര്.

Story highlights- south indian movie directly on streaming platforms