കൊവിഡ് പ്രതിസന്ധി; ‘ദൃശ്യം 2’ൽ അഭിനയിക്കാൻ അൻപത് ശതമാനത്തോളം പ്രതിഫലം കുറച്ച് മോഹൻലാൽ

October 1, 2020

വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കൊവിഡ് എല്ലാ മേഖലയിലും സൃഷ്ടിച്ചത്. ഷൂട്ടിംഗ് പുനഃരാരംഭിക്കുമ്പോൾ സിനിമാ താരങ്ങളുടെ പ്രതിഫലവും ചർച്ചയാകുകയാണ്. നിർമാതാക്കളുടെ സംഘടനയുടെ അഭ്യർത്ഥന പ്രകാരം പ്രതിഫല തുക 50 ശതമാനമാണ് നടൻ മോഹൻലാൽ ‘ദൃശ്യം 2’നായി കുറച്ചിരിക്കുന്നത്. ചിത്രീകരണം ആരംഭിക്കുന്ന 11 ചിത്രങ്ങളുടെ നിർമാണ ചിലവ് അസോസിയേഷൻ നിർവാഹകസമിതി പരിശോധിച്ചിരുന്നു.

പ്രതിഫലം കൂടുതൽ ആവശ്യപ്പെടുന്ന താരങ്ങളുടെ ചിത്രങ്ങൾക്ക് നോട്ടീസ് അയക്കാനും നിർവാഹകസമിതി തീരുമാനിച്ചു. താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽ പ്രതിഫലം കുറച്ചത് വളരെ മാതൃകാപരമായാണ് നിർമാതാക്കളുടെ സംഘടന കാണുന്നത്. കൊവിഡിന് മുൻപ് സ്വീകരിച്ചിരുന്ന തുകയിൽ നിന്നും പകുതി തുകയാണ് മോഹൻലാൽ കുറച്ചത്.

Read more:സംയുക്ത മേനോന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു

ജിഎസ്ടിക്കു പുറമേ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വിനോദ നികുതി പിൻവലിക്കാതെ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടതില്ലെന്നും അസോസിയേഷൻ നിർവാഹക സമിതി യോഗം തീരുമാനിച്ചു. അതേസമയം, നടൻ ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘കാണെക്കാണെ’. മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രം റിലീസ് ചെയ്ത് സാമ്പത്തിക വിജയം നേടിയതിന് ശേഷം മാത്രമേ പ്രതിഫലം കൈപ്പറ്റു എന്നാണ് ടൊവിനോ തോമസ് വ്യക്തമാക്കിയിരിക്കുന്നത്.

Story highlights- mohanlal reduces remuneration for drishyam 2